ക്രിക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഇന്ത്യൻ താരമാരാണ്? കുറച്ച് കാലങ്ങളായി ഈ സ്ഥാനം കയ്യടക്കി വെച്ചത് വിരാട് കോഹ്‌ലിയായിരുന്നു. എന്നാൽ ഐപിഎൽ 2025 സീസണിന്റെ മെഗാ ലേലത്തോടെ കഥമാറി. 27 കോടിയുടെ ചരിത്രകരാറിൽ റിഷഭ് പന്ത് വിരാട് കോഹ്‌ലിയെ മറികടന്നു.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 21 കോടിയാണ് വിരാട് കോഹ്‌ലിക്ക് നൽകിയത്. കോഹ്‌ലിക്ക് മുകളിൽ ഇത്തവണ ഐപിഎല്ലിൽ പ്രതിഫലം നേടിയ ഇന്ത്യൻ താരങ്ങളാണ് ശ്രേയസ്സ് അയ്യരും വെങ്കടേഷ് അയ്യരും. ശ്രേയസ് അയ്യർക്ക് പഞ്ചാബ് കിങ്‌സ് 26.75 കോടി നൽകിയപ്പോൾ വെങ്കടേഷ് അയ്യർക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടി നൽകി.
ഐ പി എല്ലിൽ നിന്ന് ലഭിക്കുന്ന 27 കോടി രൂപക്ക് പുറമെ, ബിസിസിഐ കരാർ പ്രകാരം അഞ്ച് കോടിയും പന്തിന് ലഭിക്കും. ഇതോടെ ക്രിക്കറ്റിൽനിന്ന് മാത്രം 32 കോടി രൂപയാണ് താരത്തിന്‍റെ വാർഷിക വരുമാനം. അതേ സമയം ബിസിസിഐ കരാറിൽ നിന്നടക്കം കോഹ്‌ലിയുടെ വാർഷിക വരുമാനം 28 കോടിയാണ്. ഐപിഎല്ലിലെ 21 കോടിക്ക് പുറമെ, ബി സി സി ഐ എ പ്ലസ് കരാറിലൂടെ ഏഴ് കോടിയാണ് കോഹ്‌ലിക്ക് കിട്ടുന്നത്. ഇവരെ കൂടാതെ ബിസിസിഐ എ പ്ലസ് കാറ്റഗറിയിലുള്ള ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും വർഷത്തിൽ ക്രിക്കറ്റിൽ നിന്ന് മാത്രമായി 25 കോടി സമ്പാദിക്കുന്നുണ്ട്. ഇത് കൂടാതെ പരസ്യവരുമാനത്തിൽ നിന്നും മറ്റ് സോഴ്‌സുകളിൽ നിന്നെല്ലാം ഈ താരങ്ങളെല്ലാം കോടികൾ സമ്പാദിക്കുന്നുണ്ട്.
Content Highlights: Richest man in Indian cricket; Rishabh Pant overtakes Kohli in historic deal