ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ വമ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക. 233 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. 516 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 282 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി. സ്കോർ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 191, ശ്രീലങ്ക 42. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ അഞ്ചിന് 366, ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 282.
രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലാണ് ശ്രീലങ്ക നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. ദിനേശ് ചാന്ദിമാലിന്റെയും ധനഞ്ജ ഡി സിൽവയുടെയും ചെറുത്ത് നിൽപ്പാണ് ദക്ഷിണാഫ്രിക്കൻ വിജയം വൈകിപ്പിച്ചത്. ചാന്ദിമാൽ 83 റൺസും ധനഞ്ജയ ഡി സിൽവ 59 റൺസും നേടി പുറത്തായി. കുശാൽ മെൻഡിസ് 48 റൺസും സംഭാവന ചെയ്തു.
വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-2025 പോയിന്റ് ടേബിളിൽ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളിൽ നിന്നായി അഞ്ച് ജയവും മൂന്ന് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 59.26 ശതമാനം വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്.
15 മത്സരങ്ങളിൽ നിന്നായി ഒമ്പത് ജയവും അഞ്ച് തോൽവിയും ഒരു സമനിലയുമായി 61.11 വിജയശതമാനമുള്ള ഇന്ത്യയാണ് ടേബിളിൽ ഒന്നാമത്. 13 മത്സരങ്ങിൽ നിന്ന് എട്ട് ജയവും നാല് തോൽവിയും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ 57.69 വിജയശതമാനത്തോടെ ടേബിളിൽ മൂന്നാം സ്ഥാനത്താണ്.
Content Highlights: South Africa beat Sri Lanka by 233 runs placed second in WTC standings