രോഹിതും ഗില്ലും വരുമ്പോൾ മൂന്ന് പേർ പുറത്ത് പോകണം; 'ഗാവസ്‌കറിന്റെ അഡ്‌ലെയ്ഡ് ഇലവൻ'

ഇന്ത്യ ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാരായി ഇറക്കിയത് കെ എല്‍ രാഹുലിനേയും യശ്വസി ജയ്‌സ്വാളിനേയുമാണ്

dot image

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 295 റൺസിന് തോൽപ്പിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള
തന്റെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇതിഹാസ താരം സുനിൽ ഗാവസ്‌കർ.

വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ ഇതിനോടകം ടീമിനൊപ്പം ചേർന്നു കഴിഞ്ഞിരുന്നു. പരിക്ക് ഭേദമായ യുവതാരം ശുഭ്മന്‍ ഗില്ലും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായാണ് വിവരം. ഇവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമ്പോൾ ഗാവസ്‌കർ നിർദേശിക്കുന്ന പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്ത്യ ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാരായി ഇറക്കിയത് കെ എല്‍ രാഹുലിനേയും യശ്വസി ജയ്‌സ്വാളിനേയുമാണ്. ഇരുവരും പെര്‍ത്തില്‍ ചരിത്ര കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 200 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇരുവര്‍ക്കുമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ വരുമ്പോള്‍ രാഹുല്‍ ഓപ്പണിങ്ങില്‍ നിന്ന് മാറണമെന്നാണ് ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നത്. രാഹുല്‍ മികവ് കാട്ടിയെങ്കിലും നായകന്‍ തിരിച്ചെത്തുമ്പോള്‍ രാഹുലിന് വഴിമാറിക്കൊടുക്കേണ്ടതായുണ്ട്.

മൂന്നാം നമ്പറില്‍ ഗില്ലിനെയാണ് ഗാവസ്‌കർ നിർദേശിക്കുന്നത്. പരിക്ക് പറ്റിയ ഗില്ലിന് പകരം പെർത്തിൽ ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. നാലാം നമ്പറില്‍ വിരാട് കോഹ്‌ലി തുടരണമെന്നാണ് ഗാവസ്കറിന്റെ അഭിപ്രായം. മോശം ഫോം വേട്ടയാടിയിരുന്ന വിരാട് കോഹ്‌ലി പെര്‍ത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അഞ്ചാം നമ്പറില്‍ പന്ത് കളിക്കണമെന്നാണ് ഗാവസ്‌കർ പറയുന്നത്. പന്തിന് പെര്‍ത്തില്‍ കാര്യമായ പ്രകടനം നടത്താനായിട്ടില്ല.

ആദ്യ മത്സരത്തില്‍ ഓപ്പണറായി മിന്നിച്ച കെ എല്‍ രാഹുല്‍ രണ്ടാം മത്സരത്തില്‍ ആറാം നമ്പറിലാണ് കളിക്കേണ്ടതെന്നാണ് ഗവാസ്‌കർ നിര്‍ദേശിക്കുന്നത്. രാഹുല്‍ ക്ഷമയോടെ പിടിച്ചുനിന്ന് കളിക്കാന്‍ കഴിവുള്ളവനാണെന്നും അതുകൊണ്ടുതന്നെ മധ്യനിരയുടെ ഉത്തരവാദിത്തം താരത്തെ ഏൽപ്പിക്കണമെന്നും ഗാവസ്‌കർ പറയുന്നു. ജഡേജ ഏഴാം നമ്പറിലും നിതീഷ് റെഡ്‌ഡി എട്ടാമതും ഒമ്പത്, പത്ത്, പതിനൊന്ന് സ്ഥാനങ്ങളിൽ ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും ഇറങ്ങണമെന്ന് ഗാവസ്‌കർ പറയുന്നു.

Content Highlights: Sunil gavaskar picks indian xi for 2nd test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us