ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടം ഇനി ജോ റൂട്ടിന്റെ പേരിലാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിംഗ്സിൽ സച്ചിൻ തെണ്ടുൽക്കർ 1,625 റൺസാണ് സ്കോർ ചെയ്തിട്ടുള്ളത്. ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സിൽ 23 റൺസ് നേടി പുറത്താകാതെ നിന്ന റൂട്ടിന്റെ സ്കോർ 1,630 റൺസായി.
മത്സരത്തിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിലാണ് ന്യൂസിലാൻഡ് നാലാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 84 റൺസ് നേടിയ ഡാരൽ മിച്ചലിന്റെ മികവിൽ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാൻഡ് 254 റൺസിലെത്തി. എന്നാൽ വിജയലക്ഷ്യമായ 104 റൺസ് ഇംഗ്ലണ്ട് അനായാസം അടിച്ചെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ 348 റൺസിൽ എല്ലാവരും പുറത്തായി. പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 499 റൺസും നേടിയിരുന്നു. 151 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇംഗ്ലണ്ട് നേടിയത്. സ്കോർ ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ 348, ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 499. ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ 254, ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 104.
Content Highlights: Sachin Tendulkar's All-Time Record Broken, Joe Root Takes No. 1 Spot