ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സമ്പത്തിന്റെ കാര്യത്തില്‍ വലിയ കുതിപ്പ് നടത്തിയിട്ടുള്ളവരാണ്. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായി കണക്കാക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, എം എസ് ധോണി എന്നിവരെല്ലാം കായിക വിനോദ രംഗത്തെ വലിയ ബ്രാന്‍ഡുകളായി മാറിക്കഴിഞ്ഞു. ഐപിഎല്‍ ടീമുകളുടെ പ്രതിഫലത്തിന് പുറമേ മാച്ച് ഫീസും പരസ്യവരുമാനവുമെല്ലാം ഉള്‍പ്പെടുത്തിയാല്‍ സമ്പത്തിന്റെ കാര്യത്തില്‍ കോഹ്‌ലിയും സച്ചിനും ധോണിയും ലോകതാരങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്ന് ഉറപ്പാണ്.
എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരാണ്? വര്‍ഷങ്ങളോളം ക്രിക്കറ്റിനെ നെഞ്ചേറ്റി ജീവിച്ച ഇന്ത്യന്‍ ഇതിഹാസ താരങ്ങളെ ആസ്തിയില്‍ പിന്നിലാക്കുന്ന ഒരു ക്രിക്കറ്റ് താരമുണ്ട് ഇന്ത്യയില്‍. 22-ാം വയസില്‍ ക്രിക്കറ്റ് മതിയാക്കിയ ആര്യമാന്‍ ബിര്‍ളയെന്ന യുവതാരമാണ് സമ്പത്തില്‍ സാക്ഷാല്‍ സച്ചിനെയും കോഹ്‌ലിയെയും ധോണിയെയുമെല്ലാം പിന്നിലാക്കിയിട്ടുള്ളത്. ഏകദേശം 70,000 കോടി രൂപ ആസ്തിയുള്ള ആര്യമാനെ 2018ലെ ഐപിഎല്‍ ലേലത്തില്‍ വെറും 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചത് മറ്റാരുമായിരുന്നില്ല, മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സായിരുന്നു. രാജസ്ഥാന്‍ സ്വന്തമാക്കിയെങ്കിലും ഈ താരം ഒരു ഐപിഎല്‍ മത്സരം പോലും കളിച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ആരാണ് ആര്യമാന്‍ ബിര്‍ള?
കോടീശ്വരനായ ബിസിനസുകാരൻ കുമാർ മംഗലം ബിർളയുടെ മകനാണ് ആര്യമാൻ ബിർള. നിലവിൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയ്ൽ ലിമിറ്റഡ് (ABFRL) ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് ആര്യമാൻ ബിർള. ആദിത്യ ബിർള മാനേജ്മെൻ്റ് കോർപ്പറേഷന്റെയും ഗ്രാസിം ഇൻഡസ്ട്രീസ് സ്ഥാപനങ്ങളുടെയും ഡയറക്ടറും ആര്യമാൻ തന്നെയാണ്. ക്രിക്കറ്റിൽ കഴിവ് തെളിയിച്ചാണ് ആര്യമാൻ ബിർള ബിസിനസിലേക്ക് കടന്നത്. ഒരു ഫസ്റ്റ് ക്‌ളാസ് സെഞ്ച്വറിയും ആര്യമാൻ ബിർളയുടെ പേരിലുണ്ട്.
1997 ജൂലൈയിൽ മുംബൈയിലാണ് ആര്യമാൻ ബിർളയുടെ ജനനം. പിന്നീട് ആദിത്യ ബിർള ഗ്രൂപ്പിൻ്റെ സിമൻ്റ് യൂണിറ്റിൻ്റെ ആസ്ഥാനമായ മധ്യപ്രദേശിലെ രേവയിലേക്ക് ആര്യമാന് സ്ഥലം മാറേണ്ടിവന്നു. സംസ്ഥാനത്തെ ജൂനിയർ മാച്ചുകളിൽ പങ്കെടുത്തുതുടങ്ങിയ ആര്യമാൻ ഒരു വർഷത്തിന് ശേഷം ഈഡൻ ഗാർഡൻസിൽ ബംഗാളിനെതിരായ മത്സരത്തിൽ സെഞ്ച്വറി പ്രകടനത്തിലൂടെ തന്റെ കഴിവ് തെളിയിച്ചു.
മധ്യപ്രദേശ് 335 റൺസിന് ഓൾഔട്ടായപ്പോൾ ബംഗാൾ ഫോളോ ഓൺ നിർബന്ധമാക്കി. മധ്യപ്രദേശിന് വേണ്ടി ആര്യമാൻ ബിർള 189 പന്തിൽ പുറത്താകാതെ 103 റൺസ് അടിച്ചെടുത്ത് സമനിലയിലാക്കി. ആ പ്രകടനമാണ് 2018ലെ ഐപിഎൽ ലേലത്തിൽ ആര്യമാൻ ബിർളയ്ക്ക് രാജസ്ഥാൻ റോയൽസിലേക്ക് വഴിയൊരുക്കിയത്. പിന്നീട് രണ്ട് സീസണുകളിൽ റോയൽസിൽ ആര്യമാൻ ഉണ്ടായിരുന്നെങ്കിലും ആദ്യ ഇലവനിൽ ഇടം നേടിയിരുന്നില്ല.
പിന്നീട് പരിക്കുകൾ വലച്ച ആര്യമാൻ ബിർളയ്ക്ക് 2019 ജനുവരിക്ക് ശേഷം കളിക്കളത്തിലിറങ്ങാനായില്ല. മാനസിക സമ്മര്‍ദ്ധവും കടുത്ത ഉത്കണ്ഠയും അലട്ടിയതോടെ ആര്യമാൻ 2019ല്‍ ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിശ്രമം എടുക്കുന്നതായി പ്രഖ്യാപിച്ചു. 2019ല്‍ ഒരു ട്വീറ്റിലൂടെയാണ് ആര്യമാന്‍ ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത ഇടവേളയെടുക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. ക്രിക്കറ്റിൽ നിന്ന് വിട്ടതിന് പിന്നാലെ ബിസിനസിലേക്ക് തിരിഞ്ഞ ആര്യമാൻ ഇന്ന് 70,000 കോടിയുടെ മൂല്യമുള്ള സ്വത്തുക്കളുടെ ഉടമയാണെന്നാണ് വിവരം.
Content Highlights: World's richest cricketer retired at 22, never played IPL; made INR 70,000 crore, is wealthier than Sachin, Kohli, Dhoni