നിതീഷ് ടെസ്റ്റിന് യോഗ്യനല്ലെന്ന് പെർത്തിന് മുമ്പ് ഗാവസ്‌കറിന്റെ കമന്റ്, അഡ്‌ലെയ്ഡിന് മുമ്പ് യു-ടേൺ

നേരത്തെ പെർത്ത് ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ ഇലവനിൽ നിതീഷിനെ ഉൾപ്പെടുത്തിയത് മോശം സെലക്ഷനായിരുന്നുവെന്ന് പറഞ്ഞ് ഗാവസ്‌കർ രംഗത്തെത്തിയിരുന്നു

dot image

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലെ നിതീഷ് റെഡ്‌ഡിയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇതിഹാസവുമായ സുനിൽ ഗാവസ്‌കർ. നേരത്തെ പെർത്ത് ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ ഇലവനിൽ നിതീഷിനെ ഉൾപ്പെടുത്തിയത് മോശം സെലക്ഷനായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയ ഗാവസ്‌കർ പക്ഷെ തന്റെ നിലപാട് അഡ്‌ലെയ്ഡിൽ ഡിസംബർ ആറിന് നടക്കുന്ന ടെസ്റ്റിന് മുമ്പേ തന്നെ തിരുത്തി. അഡ്‌ലെയ്ഡിലും താരത്തെ തന്നെ ഇറക്കണമെന്നും താരം പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ഗാവസ്‌കർ പറഞ്ഞു.

പെർത്തിൽ അരങ്ങേറ്റകാരനായ നിതീഷിന് പകരം വെറ്ററന്മാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമാണ് ഗാവസ്‌കർ മുൻഗണന നൽകിയിരുന്നത്. ഓസ്‌ട്രേലിയ പോലെയൊരു ടീമിനെ അവരുടെ മണ്ണിൽ നേരിടുമ്പോൾ പരിചയ സമ്പത്ത് വളരെ പ്രധാനമാണെന്നായിരുന്നു അതിന് കാരണമായി ഗാവസ്‌കർ പറഞ്ഞിരുന്നത്. എന്നാൽ ഗാവസ്കറിന്റെയും മറ്റ് പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് അരങ്ങേറ്റ മത്സരത്തിൽ തന്നെ നിതീഷ് തിളക്കമാർന്ന പ്രകടനം നടത്തി. ഇന്ത്യ 160 റൺസിന് ഓൾ ഔട്ടായ മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ 41 റൺസെടുത്ത നിതീഷ് ആയിരുന്നു. രണ്ടാം ഇന്നിങ്സിലും 27 പന്തിൽ 38 റൺസ് നേടി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സിൽ നാലോവർ എറിഞ്ഞ് ഒരു വിക്കറ്റ് നേടുകയും ചെയ്തു.

പെർത്തിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്. ജയ്സ്വാളും വിരാട് കോഹ്‌ലിയും ബാറ്റ് കൊണ്ടും ജസ്പ്രീത് ബുംമ്ര പന്തുകൊണ്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബോര്‍ഡര്‍ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ ഇതിനോടകം ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. പരിക്ക് ഭേദമായ യുവതാരം ശുഭ്മന്‍ ഗില്ലും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായാണ് വിവരം. ഓസീസ് നിരയിൽ പരിക്കേറ്റ പേസർ ഹാസിൽവുഡ് കളിക്കില്ല. ഹാസിൽവുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെയാണ് ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്. ബോളണ്ടിനെ കൂടാതെ സീൻ അബോട്ട്, ബ്രണ്ടൻ ഡോഗട്ട് എന്നീ രണ്ട് അൺ ക്യാപ്പഡ് താരങ്ങളെയും ഓസ്‌ട്രേലിയ അഡ്‌ലെെഡ് ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: From "Is He Ready" To "Most Impressive": Sunil Gavaskar's Stunning U-Turn On Nitish Kumar Reddy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us