ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ കൈവിട്ടതില്‍ പ്രതികരിച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. മെഗാതാരലേലത്തില്‍ ഇഷാനെ തിരിച്ച് ടീമിലെത്തിക്കുകയെന്നത് വെല്ലുവിളിയാണെന്ന് ടീമിന് അറിയാമായിരുന്നെന്നും താരത്തെ മിസ് ചെയ്യുമെന്നും മുംബൈ ക്യാപ്റ്റന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹാര്‍ദിക് ഇക്കാര്യം തുറന്നുപറഞ്ഞത്.
'മുംബൈ ഇന്ത്യന്‍സിന്റെ ഡ്രെസിങ് റൂമിലെ ഫ്രഷ്‌നസും എനര്‍ജിയുമായിരുന്നു ഇഷാന്‍. ഞങ്ങള്‍ക്ക് അവനെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ലേലത്തില്‍ ഇഷാനെ തിരിച്ച് സ്വന്തമാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. കാരണം അത്രത്തോളം മികച്ച താരമാണ് ഇഷാന്‍ കിഷന്‍. അവന്‍ ആളുകളെ ചിരിപ്പിച്ച് എപ്പോഴും ഡ്രസിങ് റൂമിനെ സജീവമായി നിലനിര്‍ത്തുമായിരുന്നു', ഹാര്‍ദിക് വീഡിയോയില്‍ പറഞ്ഞു.
'മറ്റുള്ളവരോട് അവന്‍ കാണിക്കുന്ന സ്‌നേഹവും കരുതലും വളരെ സ്വാഭാവികമായിരുന്നു. ഇനി മുംബൈയുടെ ഡ്രെസിങ് റൂമില്‍ ഇനി അവന്റെ കളിയും ചിരിയും ഉണ്ടാവില്ല. ബര്‍ത്ത്‌ഡേ ആഘോഷങ്ങളിലെ കേക്ക് സ്മാഷിങ്ങും ആളുകളെ പ്രാങ്ക് ചെയ്യുന്നതും ഇനി കുറയും. ഇഷാന്‍ അങ്ങനെയായിരുന്നു ഈ ടീമിനെ സ്‌നേഹിച്ചത്. ഇനിയതെല്ലാം മിസ് ചെയ്യും. ഇഷാന്‍ കിഷന്‍, നിങ്ങള്‍ എപ്പോഴും മുബൈയുടെ 'പോക്കറ്റ് ഡൈനാമോ' തന്നെയായിരിക്കും. ഞങ്ങളെല്ലാവരും നിന്നെ സ്‌നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യും', ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
💌 𝓉ℴ 𝐼𝓈𝒽𝒶𝓃 #MumbaiMeriJaan #MumbaiIndians | @ishankishan51 pic.twitter.com/K1Gz5DKYUU
— Mumbai Indians (@mipaltan) December 1, 2024
കളിക്കളത്തിനപ്പുറവും മികച്ച സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും. 2025 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ ഇഷാന്‍ ഉണ്ടായിരുന്നില്ല. മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ വിട്ട ഇഷാനെ 11.25 കോടി രൂപയ്ക്ക് ഹൈദരാബാദ് എഫ്‌സിയാണ് സ്വന്തമാക്കിയത്.
Content Highlights: Hardik Pandya Breaks Silence On Ishan Kishan's Exit