ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്റെ മികച്ച പ്രകടനത്തിന് കാരണമായത് ജസ്പ്രീത് ബുംമ്രയുടെ ഉപദേശമാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വിക്കറ്റ് വീഴ്ത്തുകയെന്ന ലക്ഷ്യത്തെക്കാൾ ബൗളിങ്ങിൽ സ്ഥിരത പുലർത്താൻ ശ്രദ്ധിക്കണമെന്ന് ബുംമ്ര തന്നോട് പറഞ്ഞതായി സിറാജ് പ്രതികരിച്ചു. ഇന്ത്യൻ ടീം മുൻ ബൗളിങ് പരിശീലകൻ ഭരത് അരുണും തനിക്ക് സമാന ഉപദേശമാണ് നൽകിയത്. വിക്കറ്റുകൾ എടുക്കുന്നതിനെക്കുറിച്ച് ആകുലപ്പെടാതെ സ്വന്തം കഴിവുകളിൽ ശ്രദ്ധിക്കാനായിരുന്നു ഭരത് അരുണിന്റെ നിർദ്ദേശമെന്ന് സിറാജ് പറഞ്ഞു.
എന്റെ ബൗളിങ്ങിനെക്കുറിച്ച് ഞാൻ കൂടുതൽ ആഴത്തിൽ ചിന്തിച്ചു. സ്വന്തം ബൗളിങ് ആസ്വദിക്കാനായാൽ വിക്കറ്റുകൾ തനിയെ വരുമെന്ന് എനിക്ക് മനസിലായി. ഇപ്പോൾ ഇക്കാര്യമാണ് താൻ പിന്തുടരുന്നതെന്നും സിറാജ് വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി സിറാജ് അഞ്ച് വിക്കറ്റുകളാണ് നേടിയത്. ഓസ്ട്രേലിയൻ പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരകളിൽ സിറാജിന് വിക്കറ്റ് ലഭിക്കുന്നത് കുറവായിരുന്നു. തുടർന്ന് താരത്തിന്റെ ബൗളിങ് മികവിനെതിരെ വിമർശനവും ഉയർന്നു. ഓസ്ട്രേലിയൻ പരമ്പരയിൽ തന്റെ മികവ് വീണ്ടെടുക്കുകയായിരുന്നു സിറാജിന്റെ ലക്ഷ്യം. പെർത്തിൽ തന്റെ മികവിലേക്കെത്തിയ സിറാജ് ഇത് അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Mohammed Siraj on how advice from senior pro ended his ‘desperation’ to get wickets