ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പുള്ള ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരാായ പരിശീലന മത്സരത്തിൽ രസകരമായ അപ്പീലുമായി ഇന്ത്യൻ താരം സർഫറാസ് ഖാൻ. റിഷഭ് പന്തിന് പകരക്കാരനായി സർഫറാസ് ഖാനായിരുന്നു വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടായിരുന്നത്. മത്സരത്തിനിടെ വാഷിങ്ടൺ സുന്ദർ എറിഞ്ഞ പന്ത് ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ താരം ഹനോ ജേക്കബ്സ് തട്ടിയിട്ടു. പിന്നാലെ സ്റ്റമ്പിലേക്ക് നീങ്ങിയ പന്ത് വീണ്ടും ജേക്കബ്സ് തട്ടിയിട്ടു. ഇതോടെയാണ് സർഫറാസ് അപ്പീലുമായി രംഗത്തെത്തിയത്. എന്നാൽ സഹതാരങ്ങളാരും സർഫറാസിനൊപ്പം അപ്പീലിന് തയ്യാറായില്ല. പിന്നാലെ സർഫറാസും മനസില്ലാ മനസോടെ അപ്പീലിൽ നിന്ന് പിൻവാങ്ങി.
Sarfraz Khan a Character on Field 😂#INDvsPMXI pic.twitter.com/y5Ni0glt7v
— Randhir Mishra (@18ViratC) December 2, 2024
അതിനിടെ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 46 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. വിജയലക്ഷ്യം പിന്നിടുമ്പോൾ ഇന്ത്യക്ക് നാല് വിക്കറ്റായിരുന്നു നഷ്ടമായത്. ഇതിനാൽ ഇന്ത്യൻ വിജയം ആറ് വിക്കറ്റിനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ദ്വിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. പിന്നാലെ രണ്ടാം ദിവസം മത്സരം ഒരു ടീമിന് 50 ഓവർ എന്ന നിലയിൽ നടത്താൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിൽ എല്ലാവരും പുറത്തായി. ഓപണർ സാം കോൺസ്റ്റാസ് 107 റൺസ് നേടി. 40 റൺസെടുത്ത ജാക് ക്ലെയ്ടൺ ആണ് മുൻനിരയിൽ ഭേദപ്പെട്ട സംഭാവന നൽകിയ മറ്റൊരു താരം. ഒമ്പതാമനായി ക്രീസിലെത്തി 61 റൺസെടുത്ത ഹന്നോ ജേക്കബ്സ് ആണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവന്റെ സ്കോർ 200 കടത്തിയത്. ഇന്ത്യയ്ക്കായി ഹർഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ താരങ്ങളിൽ ഭൂരിഭാഗവും മികച്ച പ്രകടനം പുറത്തെടുത്തു. ഓപണർമാരായ യശസ്വി ജയ്സ്വാൾ 45, കെ എൽ രാഹുൽ 27 റിട്ടയർഡ് നോട്ട് ഔട്ട് എന്നിങ്ങനെ സ്കോർ ചെയ്തു. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ശുഭ്മൻ ഗിൽ മികച്ച ഫോമിന്റെ സൂചന നൽകി. 50 റൺസെടുത്ത് ഗിൽ റിട്ടയർഡ് നോട്ട് ഔട്ടായി. രോഹിത് ശർമ മൂന്ന് റൺസെടുത്തും സർഫ്രാസ് ഖാൻ ഒരു റൺസെടുത്തും പുറത്തായത് നിരാശയായി. നിതീഷ് കുമാർ റെഡ്ഡി 42 റൺസെടുത്ത് തന്റെ ഫോം തുടർന്നു. രവീന്ദ്ര ജഡേജ 27 റൺസെടുത്ത് പുറത്തായി. വാഷിങ്ടൺ സുന്ദർ പുറത്താകാതെ 42 റൺസോടെയും ദേവ്ദത്ത് പടിക്കൽ നാല് റൺസോടെയും പുറത്താകാതെ നിന്നു.
Content Highlights: Sarfaraz Khan's comical appeal despite ball hitting middle of bat during IND vs PM XI clash