സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി വേണ്ടത് 283 റണ്‍സ്; ഓസീസില്‍ ചരിത്രം കുറിക്കാന്‍ ജയ്‌സ്വാള്‍

യുവതാരം ജയ്‌സ്വാള്‍ ഈ വര്‍ഷം ഇതിനോടകം 1280 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. അഡലെയ്ഡില്‍ ഡിസംബര്‍ ആറിനാണ് ടെസ്റ്റ് ആരംഭിക്കുന്നത്. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് യുവതാരം യശസ്വി ജയ്‌സ്വാളിനെ കാത്തിരിക്കുന്നത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാനൊരുങ്ങുകയാണ് ജയ്‌സ്വാള്‍. 2010ല്‍ 1562 റണ്‍സ് നേടിയ സച്ചിനാണ് റെക്കോര്‍ഡില്‍ ഒന്നാമത്. 14 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 1562 റണ്‍സ് അടിച്ചെടുത്തത്.

യുവതാരം ജയ്‌സ്വാള്‍ ഈവര്‍ഷം ഇതിനോടകം 1280 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ജയ്‌സ്വാളിന് ഇനി 280 റണ്‍സ് കൂടി നേടണം. ഈ വര്‍ഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകള്‍ ബാക്കിയുള്ളതിനാല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജയ്‌സ്വാളിന് സുവര്‍ണാവസരമാണ് കാത്തിരിക്കുന്നത്.

Yashasvi Jaiswal
യശസ്വി ജയ്സ്വാൾ

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് യശസ്വി ജയ്സ്വാൾ പുറത്തെടുത്തിരുന്നത്. ആദ്യ ഇന്നിം​ഗ്സിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ജയ്സ്വാൾ രണ്ടാം ഇന്നിം​ഗ്സിൽ സെഞ്ച്വറി നേട്ടവുമായി ​ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 161 റൺസായിരുന്നു താരം അടിച്ചെടുത്തത്. ഇതോടെ ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്താനും യുവതാരത്തിന് സാധിച്ചിരുന്നു.

അതേസമയം ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഫൈനൽ സാധ്യതകൾക്കും ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയം ഇന്ത്യയ്ക്ക് നിർണായകമാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതകൾ മാറുകയാണ്. നിലവിൽ 15 മത്സരങ്ങളിൽ നിന്നായി ഒമ്പത് വിജയവും അഞ്ച് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 61.11 വിജയശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്. ദക്ഷിണാഫ്രിക്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതും ന്യൂസിലാൻഡ് നാലാമതുമുണ്ട്.

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ 5-0, 4-0, 4-1, 3-0 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിജയമെങ്കിൽ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാം. ഇന്ത്യയുടെ വിജയം 3-1 ആണെങ്കിൽ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ പരാജയപ്പെടുത്തണം.

ഇന്ത്യയുടെ വിജയം 3-2ന് ആണെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരെ ജനുവരി അവസാനം ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ഒരു മത്സരം സമനിലയിൽ പിരിയുകയോ ശ്രീലങ്ക വിജയിക്കുകയോ ചെയ്യണം. ഇന്ത്യൻ വിജയം 2-2 എന്ന നിലയിൽ ആണെങ്കിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 2-0ത്തിനും ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0ത്തിന് എങ്കിലും വിജയിക്കുകയും വേണം. നിലവിൽ ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിട്ടുണ്ട്.

Content Highlights: IND vs AUS: Yashasvi Jaiswal On The Verge Of Breaking Sachin Tendulkar's Record

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us