ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച താരമാണ് മിതാലി രാജ്. വിവാഹം കഴിക്കാതെ സിംഗിളായി തുടരുന്നതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കുന്ന സമയത്തുതന്നെ വിവാഹ ആലോചനങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ പിന്മാറേണ്ടിവന്നതിന് പിന്നിലെ കാരണങ്ങളും വ്യക്തമാക്കുകയാണ് 41കാരിയായ മിതാലി. രണ്‍വീര്‍ അലഹബാദിയയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് തന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മിതാലി തുറന്നുപറഞ്ഞത്.
തനിക്ക് വിവാഹാലോചനയുമായി വന്ന ഒരു ചെറുപ്പക്കാരനോട് ഫോണില്‍ സംസാരിച്ച അനുഭവം മിതാലി ഓര്‍ത്തെടുത്തു. 'എനിക്കന്ന് 25 വയസാണ് പ്രായം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അന്ന് ഞാന്‍. വിവാഹത്തിന് ശേഷം ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്റെ അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ അമ്മയെ നോക്കുമോ അതോ ക്രിക്കറ്റ് കളിക്കാന്‍ പോകുമോ എന്നൊരു സാങ്കല്‍പ്പികചോദ്യവും അയാള്‍ എന്നോട് ചോദിക്കുകയും ചെയ്തു. ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുന്നതിനാല്‍ ആ വിവാഹം എനിക്ക് വേണ്ടെന്ന് വെക്കേണ്ടിവന്നു', മിതാലി പറഞ്ഞു.
എന്റെയൊക്കെ കുട്ടിക്കാലത്ത് ക്രിക്കറ്റ് കരിയറാക്കുക എന്നതുതന്നെ ഒരു മിഡില്‍ ക്ലാസിനെ കുറിച്ച് കുടുംബത്തിന് ചിന്തിക്കാവുന്ന കാര്യമായിരുന്നില്ല. ഒരു പ്രായം വരെ മാത്രമാണ് പെണ്‍കുട്ടികള്‍ ക്രിക്കറ്റില്‍ തുടരുക. പിന്നീട് വിവാഹവും കുട്ടികളും കുടുംബവുമായി പോകും. 2009 വരെ ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചിരുന്നത്. ലോകകപ്പ് കളിച്ചതിന് ശേഷം വിവാഹജീവിതത്തിലേക്ക് കടക്കാമെന്നാണ് കരുതിയത്.
ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ ലഭിച്ച അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും എന്റെ ജീവിതം മാറ്റി. പിന്നാലെ എന്റെ ചിന്തകളും തീരുമാനങ്ങളും കാഴ്ചപ്പാടുകളും മാറി. ഒരുപാട് കഷ്ടപ്പെട്ടും ത്യാഗങ്ങള്‍ സഹിച്ചും പടുത്തുയർത്തിയ കരിയർ വിവാഹം കഴിച്ച് ഇല്ലാതെയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പിന്നാലെ വിവാഹം ഉടനെ വേണ്ടെന്നും രണ്ടുമൂന്ന് വര്‍ഷം കൂടി കരിയറിന് നീക്കിവെക്കാമെന്നും തീരുമാനിച്ചു. വീട്ടില്‍ വിളിച്ചു പുതിയ തീരുമാനം അറിയിക്കുകയും ചെയ്യുകയായിരുന്നു.
Mithali Raj sacrificed her marriage to focus on cricket. Now there is this Indian women team who can't sacrifice doing reels and work hard in the nets pic.twitter.com/QDZsdwZ8AW
— Sandeep Raj (@loyal_CSKfan) December 2, 2024
രണ്ട് പതിറ്റാണ്ടോളം കാലം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ തന്നെ മുഖവും അഭിമാനവുമായി മാറിയ മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി 232 ഏകദിനങ്ങളും 12 ടെസ്റ്റും 89 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ഒരേയൊരു താരമെന്ന ബഹുമതിയും മിതാലി സ്വന്തം പേരിലെഴുതിച്ചേർത്തു.
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ 155 ഏകദിനങ്ങളില്‍ 89 മത്സരവും മിതാലി വിജയിച്ചിട്ടുണ്ട്. 2017ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാനും മിതാലിക്ക് കഴിഞ്ഞു. 2022ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മിതാലി രാജ് നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മെന്ററാണ്.
Content Highlights: Indian icon Mithali Raj reveals shocking reason for not getting married