IPL ൽ ആരും വിളിച്ചില്ലെങ്കിലെന്താ, ഇത് ഉർവിലിന്റെ താണ്ഡവം; 28 പന്തിലെ ശതകത്തിന് പിന്നാലെ വീണ്ടും സെഞ്ച്വറി

ഐപിഎൽ താര ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഉര്‍വിൽ പട്ടേലിനെ ആരും വിളിച്ചിരുന്നില്ല

dot image

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനം തുടർന്ന് ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ഉര്‍വിൽ പട്ടേല്‍. ത്രിപുരക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടി ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി സ്വന്തം പേരിലാക്കിയ നേടിയ പട്ടേല്‍ ഇന്ന് ഉത്തരാഖണ്ഡിനെതിരെയും മറ്റൊരു വേഗം കൂടിയ സെഞ്ച്വറി നേടി. 36 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 41 പന്തില്‍ 115 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഉര്‍വില്‍ 11 സിക്സറുകളും എട്ട് ഫോറുകളും നേടി. പട്ടേലിന്‍റെ മികവില്‍ ഗുജറാത്ത് ഉത്തരാഖണ്ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സടിച്ചപ്പോള്‍ 13.1 ഓവറില്‍ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആര്യ ദേശായി( 23), അഭിഷേക് ആര്‍ ദേശായി( 14) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. അക്സര്‍ പട്ടേല്‍ 18 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ആറ് കളികളില്‍ അഞ്ച് ജയവുമായി ഗുജറാത്ത് ഒന്നാമതെത്തി.

അതേ സമയം ഐപിഎൽ താര ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഉര്‍വിൽ പട്ടേലിനെ ആരും വിളിച്ചിരുന്നില്ല. കഴിഞ്ഞ വർഷം അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിയ ഉര്‍വില്‍ പട്ടേലിന് പക്ഷെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനായിരുന്നില്ല. വിക്കറ്റ് കീപ്പർമാർക്കായി കോടികൾ മുടക്കാൻ പല ടീമുകളും തയ്യാറായപ്പോഴും താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാൽ ഗുജറാത്തിനായി മുഷ്താഖ് അലി ട്രോഫി ടി 20യിൽ മികച്ച പ്രകടനം നടത്തിയതോടെ താരത്തെ ടീമിലെടുത്താൽ മതിയായിരുന്നു എന്ന മാനസികാവസ്ഥയിലാണ് പല ടീമുകളും.

Content Highlights: Urvil Patel smashes another century in Syed Mushtaq Ali trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us