വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് 101 റൺസ് വിജയം. 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 185 റൺസിൽ എല്ലാവരും പുറത്തായി. വിജയത്തോടെ പരമ്പര രണ്ട് ടെസ്റ്റുകളുടെ 1-1ന് സമനിലയിലാക്കാനും ബംഗ്ലാദേശിന് കഴിഞ്ഞു. ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് വിജയിച്ചിരുന്നു. സ്കോർ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 164, വെസ്റ്റ് ഇൻഡീസ് 146. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 268, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 185.
നേരത്തെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ് നാലാം ദിവസം ബാറ്റിങ് ആരംഭിച്ചത്. ജാക്കർ അലി നേടിയ 91 റൺസ് ബലത്തിലാണ് രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 268 എന്ന സ്കോറിൽ എത്തിയത്. ആദ്യ ഇന്നിംഗ്സിലെ 18 റൺസ് ലീഡ് കൂടി ആയപ്പോൾ 287 റൺസിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസിന് മുമ്പിൽ വെയ്ക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞു.
രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത്‍വൈറ്റ് 43 റൺസും കാവം ഹോഡ്ജ് 55 റൺസും നേടി. മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയതോടെ വിൻഡീസിന് വിജയലക്ഷ്യത്തിലേക്ക് എത്താനായില്ല. ബംഗ്ലാദേശിനായി തൈജൂൾ ഇസ്ലാം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹസൻ മഹ്മുദ്, ടസ്കിൻ അഹമദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
Content Highlights: Bangladesh beat West Indies by 101 runs in the second test and series leveled