ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ന്യൂസിലാൻഡിന് വീണ്ടും തിരിച്ചടി. ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ന്യൂസിലാൻഡിന് മൂന്ന് പോയിന്റ് നഷ്ടമായി. ഇതോടെ പോയിന്റ് ടേബിളിൽ ഒരു സ്ഥാനം താഴോട്ടിറങ്ങി ന്യൂസിലാൻഡ് അഞ്ചാം സ്ഥാനത്തായി. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 ഫൈനലിനെത്തുക ന്യൂസിലാൻഡിന് കൂടുതൽ വെല്ലുവിളിയാകും. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും വിജയിച്ചാൽ മാത്രമെ കിവീസ് സംഘത്തിന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സ്വപ്നം കാണാൻ കഴിയൂ.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതകളും മാറിയിരുന്നു. നിലവിൽ 15 മത്സരങ്ങളിൽ നിന്നായി ഒമ്പത് വിജയവും അഞ്ച് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 61.11 വിജയശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്. ദക്ഷിണാഫ്രിക്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതും ന്യൂസിലാൻഡ് നാലാമതുമുണ്ട്.
ബോർഡർ-ഗാവസ്കർ ട്രോഫിയിൽ 5-0, 4-0, 4-1, 3-0 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിജയമെങ്കിൽ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാം. ഇന്ത്യയുടെ വിജയം 3-1 ആണെങ്കിൽ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ പരാജയപ്പെടുത്തണം.
ഇന്ത്യയുടെ വിജയം 3-2ന് ആണെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരെ ജനുവരി അവസാനം ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ഒരു മത്സരം സമനിലയിൽ പിരിയുകയോ ശ്രീലങ്ക വിജയിക്കുകയോ ചെയ്യണം. ഇന്ത്യൻ വിജയം 2-2 എന്ന നിലയിൽ ആണെങ്കിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 2-0ത്തിനും ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0ത്തിന് എങ്കിലും വിജയിക്കുകയും വേണം. നിലവിൽ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിട്ടുണ്ട്.
Content Highlights: New Zealand docked three points in WTC and slipped into fifth