ഇന്ത്യൻ ടീമും വിരാട് കോഹ്‌ലിയും പാകിസ്താനിൽ വന്ന് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇന്ത്യയിലെ സർക്കാർ അവരെ അതിന് അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മുൻ പാകിസ്താൻ പേസർ ഷൊഹൈബ് അക്തർ രംഗത്ത്. അടുത്ത വർഷം ആദ്യം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സമ്മതം അറിയിച്ചതിന് പിന്നാലെയായിരുന്നു അക്തറിന്റെ പ്രതികരണം. പാക്സിതാനിൽ ഇന്ത്യ കളിക്കുകയാണെങ്കിൽ സംപ്രേക്ഷണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യ തുക ലഭിക്കുമായിരുന്നുവെന്നും എന്നാൽ നിലവിൽ ഇന്ത്യ ഭരിക്കുന്ന സർക്കാറിനും അവരുടെ സംവിധാനങ്ങൾക്കും പ്രത്യേക താല്പര്യമുണ്ടെന്നും അക്തർ പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് മുന്നിൽ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ചാണ് ഹൈബ്രിഡ് മോഡലിന് പാകിസ്താൻ സമ്മതം അറിയിച്ചത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വെച്ച് നടക്കും. സെമി ഫൈനൽ, ഫൈനലുകൾക്ക് ഇന്ത്യ യോഗ്യത നേടിയാൽ മത്സരം ദുബായിൽ തന്നെ നടക്കും. എന്നാൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് പിസിബി മുന്നോട്ടുവെച്ച ആദ്യ ഉപാധി.
2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ആവശ്യം. 2026 ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കൊപ്പവും 2031 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനൊപ്പവും ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ 2029ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയിലാണ് നടക്കുന്നത്.
2025ലെ ഐസിസിയുടെ വാർഷിക വരുമാനത്തിൽ കൂടുതൽ തുക പാകിസ്താൻ ക്രിക്കറ്റിന് ലഭിക്കണമെന്നാണ് പിസിബിയുടെ മറ്റൊരു ആവശ്യം. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരം ഉൾപ്പെടെ ദുബായിലേക്ക് മാറ്റുമ്പോൾ വലിയ നഷ്ടം പിസിബിക്ക് ഉണ്ടാകുന്നുവെന്നാണ് ഈ ഉപാധിവെച്ചതിന് പിന്നിലെ കാരണം.
Content Highlights: Virat Kohli, India Dying To Play In Pakistan Shoaib Akhtar's Strange Claim Amid BCCI vs PCB Champions Trophy Row