ഇന്ന് ദുബായിൽ നടക്കാനിരുന്ന ഐസിസി മീറ്റിങ് മാറ്റിവെച്ചു. പാകിസ്താൻ പ്രതിനിധി മുഹ്‌സിൻ നഖ്‌വി വിട്ടുനിന്നതോടെയാണ് മീറ്റിങ് മാറ്റിവെച്ചത്. മറ്റ് രാജ്യങ്ങളുടെയെല്ലാം പ്രതിനിധികള്‍ എത്തിയിരുന്നു. ഐസിസിയുടെ പുതിയ ചെയർമാനായി സ്ഥാനമേറ്റ ജയ് ഷായുടെ ആദ്യ മീറ്റിങ് കൂടിയായിരുന്നു ഇത്. ഡിസംബർ 7-ാം തീയതിയിലായിരിക്കും ഇനി യോഗം നടക്കുക.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെച്ച ഉപാധി ഐസിസി തള്ളിക്കളഞ്ഞുവെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ പിന്മാറ്റം. നേരത്തെ ചില ഉപാധികളുടെ അടിസ്ഥാനത്തിൽ ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ പാക് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ പുതിയ നീക്കം ചാമ്പ്യൻസ് ട്രോഫിയുടെ നടത്തിപ്പിനെ വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെച്ച ഉപാധികളോട് എതിർപ്പ് അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിയിരുന്നു. .ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വെച്ച് നടക്കും. സെമി ഫൈനൽ, ഫൈനലുകൾക്ക് ഇന്ത്യ യോഗ്യത നേടിയാൽ മത്സരം ദുബായിൽ തന്നെ നടക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് പിസിബി മുന്നോട്ടുവെച്ച ആദ്യ ഉപാധി.
2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ആവശ്യം. 2026 ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കൊപ്പവും 2031 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനൊപ്പവും ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ 2029ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയിലാണ് നടക്കുന്നത്.
2025ലെ ഐസിസിയുടെ വാർഷിക വരുമാനത്തിൽ കൂടുതൽ തുക പാകിസ്താൻ ക്രിക്കറ്റിന് ലഭിക്കണമെന്നാണ് പിസിബിയുടെ മറ്റൊരു ആവശ്യം. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരം ഉൾപ്പെടെ ദുബായിലേക്ക് മാറ്റുമ്പോൾ വലിയ നഷ്ടം പിസിബിക്ക് ഉണ്ടാകുന്നുവെന്നാണ് ഈ ഉപാധിവെച്ചതിന് പിന്നിലെ കാരണം.
Content Highlights: ICC meeting postponed as Pakistan's Mohsin Naqvi didn't come