പെര്‍ത്ത് ടെസ്റ്റിനിടെ ഇന്ത്യയുടെ യുവ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ തന്നെ സ്ലെഡ്ജ് ചെയ്തതില്‍ പ്രതികരിച്ച് ഓസീസ് വെറ്ററന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ സ്റ്റാര്‍ക്കിന്റെ പന്തിന് വേഗത പോരെന്ന് 22 കാരനായ ജയ്‌സ്വാള്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ജയ്‌സ്വാള്‍ നിര്‍ണായകമായ സെഞ്ച്വറി അടിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ അഡലെയ്ഡില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് അന്ന് ഗ്രൗണ്ടില്‍ നടന്ന സംഭവങ്ങള കുറിച്ച് തുറന്നുപറഞ്ഞ് സ്റ്റാര്‍ക് രംഗത്തെത്തിയത്.
'അവന്‍ എന്താണ് പറഞ്ഞതെന്ന് ഞാന്‍ കേട്ടിരുന്നില്ല. ഈ ദിവസങ്ങളില്‍ അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ എറിഞ്ഞ ഒരു പന്ത് അവന്‍ ഫ്‌ളിക്ക് ഷോട്ട് കളിച്ചു. അതേ രീതിയില്‍ എറിഞ്ഞ മറ്റൊരു പന്ത് അവന്‍ പ്രതിരോധിച്ചു. ആ ഫ്‌ളിക്ക് ഷോട്ട് എവിടെ പോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ എന്നെ നോക്കി ചിരിച്ചു, ഞാനും ചിരിച്ചു. ഞങ്ങള്‍ അക്കാര്യം അവിടെ ഉപേക്ഷിക്കുകയും ചെയ്തു', സ്റ്റാര്‍ക് വ്യക്തമാക്കി.
പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനത്തെ കുറിച്ചും സ്റ്റാര്‍ക് പറഞ്ഞു. 'ഇന്ത്യയ്ക്കായി ധാരാളം ക്രിക്കറ്റ് കളിക്കുകയും മികച്ച വിജയം നേടുകയും ചെയ്യേണ്ട യുവതാരമാണ് യശസ്വി ജയ്‌സ്വാള്‍. ആദ്യ ഇന്നിങ്‌സില്‍ ഞങ്ങള്‍ അവനെ ഡക്കിന് പുറത്താക്കി. പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട അവന്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഒറ്റ ടെസ്റ്റ് കൊണ്ട് തന്നെ അദ്ദേഹം സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടു', സ്റ്റാര്‍ക് ചൂണ്ടിക്കാട്ടി.
Mitchell Starc reveals he didn’t catch Yashasvi Jaiswal’s speed sledge in Perth! pic.twitter.com/x8W9rdwV12
— CricTracker (@Cricketracker) December 5, 2024
'ലോകമെമ്പാടുമുള്ള ഭയമില്ലാത്ത യുവ ക്രിക്കറ്റ് താരങ്ങളുടെ പ്രതിനിധിയാണ് ജയ്‌സ്വാള്‍. അഡലെയ്ഡില്‍ ഞങ്ങള്‍ പോരാടാന്‍ ആഗ്രഹിക്കുന്ന ഒരാളും അദ്ദേഹം തന്നെയാണ്', സ്റ്റാര്‍ക് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പറഞ്ഞു.
Content Highlights: Mitchell Starc breaks silence on Yashasvi Jaiswal sledging him during first Test