മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും വിക്കറ്റ് വേട്ടയുമായി മുഹമ്മദ് ഷമി. ബംഗാളിന് വേണ്ടി കളിക്കുന്ന താരം നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. താരത്തിന്റെ ബൗളിങ് പ്രകടനത്തിന്റെ മികവിൽ രാജസ്ഥാനെതിരെ ബംഗാൾ ഏഴ് വിക്കറ്റിൻെറ തകർപ്പൻ ജയം നേടുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 48 പന്തില്‍ 78 റണ്‍സടിച്ച അഭിഷേക് പോറലും 45 പന്തില്‍ 50 റണ്‍സടിച്ച ക്യാപ്റ്റന്‍ സുദീപ് കുമാര്‍ ഗാര്‍മിയുമാണ് ബംഗാളിന്‍റെ വിജയം അനായാസമാക്കിയത്.
രാജസ്ഥാൻ നിരയിൽ അഭിജിത് ടോമറെ, ശുഭം ഗര്‍വാൾ, ദീപക് ചാഹർ എന്നിവരെയാണ് ഷമി പുറത്താക്കിയത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഷമിക്ക് പിന്നീട് പരിക്കുമൂലം ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനായിട്ടില്ല.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സ്ഥാനം നഷ്ടമായ ഷമിയെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിച്ചാലെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ഷമി മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ കളിക്കാനിറങ്ങിയത്.
നേരത്തെ ബംഗാളിനായി രഞ്ജി ട്രോഫിയില്‍ ഒരു മത്സരത്തിൽ നിന്ന് മാത്രം ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. മുഷ്താഖ് അലി ട്രോഫിയിൽ ഇത് വരെ മുപ്പതോളം ഓവറുകളെറിഞ്ഞ് താരം ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ടെങ്കിലും ബിസിസിഐ നിയോഗിച്ച പ്രത്യേക നിരീക്ഷണ സംഘം പച്ച ക്കൊടി കാണിച്ചാൽ മാത്രമേ ഷമിക്ക് ഉടനെ ടീമിനൊപ്പം ചേരാനാകൂ.
Content Highlights: mohammed shami takes 3 wickets mushtaq ali trophy