അന്ന് ലോകകപ്പ് സെമിയിലെ ഏഴ് വിക്കറ്റ് നേട്ടം, ഇപ്പോൾ രഞ്ജിയിലും, തിരിച്ചുവരവ് ഷമിയുടെ 'ജെനുസ്സിലുള്ളതാണ്'

ഷമിയുടെ അന്നത്തെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചത്. ഷമിയുടെ ആ അവിസ്മരണീയ പ്രകടനത്തിന് ഇന്ന് ഒരു വയസ്സാകുന്നു

dot image

2023 ഏകദിന ലോകകപ്പ്, സ്വന്തം മണ്ണിൽ നടന്ന ആ ലോകകപ്പിന്റെ സെമിഫൈനലിൽ വാങ്കഡെയിൽ ഇന്ത്യയുടെ 397 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടരുകയാണ് ന്യൂസിലാൻഡ്. വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ച്വറിയുടെയും രോഹിത്, ഗിൽ, രാഹുൽ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലുമാണ് ഇന്ത്യ നാന്നൂറിനടുത്തുള്ള മികച്ച ടോട്ടൽ കണ്ടെത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ കോൺവെയും രചിൻ രവീന്ദ്രയും എളുപ്പത്തിൽ മടങ്ങിയെങ്കിലും വില്യംസണും ഡാരിൽ മിച്ചലും ചേർന്ന് കിവികൾക്ക് വിജയപ്രതീക്ഷ നൽകി. ഇരുവരുടെയും ബാറ്റിങ് കരുത്തിൽ 39ന് രണ്ട് എന്ന നിലയിൽ നിന്നും 32 ഓവർ കഴിയുമ്പോഴേക്കും ന്യൂസിലാൻഡ് 220 റൺസ് കൂട്ടിചേർത്തു. ടൂർണ്ണമെന്റിലുടനീളം ഒരു ടീമിനോടും ചെറിയ രീതിയിൽ പോലും ഇടറി നിൽക്കാതിരുന്ന ഇന്ത്യ ആദ്യമായി ഒരു പരീക്ഷണം നേരിട്ടതും ആ സമയത്തായിരുന്നു. അന്ന് ആ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയുടെ ശ്വാസം തിരിച്ചെടുത്തത് ഷമിയായിരുന്നു. ഷമിയുടെ അന്നത്തെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചത്. ആ അവിസ്മരണീയ പ്രകടനത്തിന് ഇന്ന് ഒരു വയസ്സാകുന്നു.

ആദ്യ പത്തോവറിനുള്ളിൽ തന്നെ കോൺവെയെയും രചിൻ രവീന്ദ്രയെയും കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചിരുന്നു ഷമി. എന്നാൽ മൂന്നാം വിക്കറ്റിൽ വില്യംസണും മിച്ചലും ക്രീസിൽ ആങ്കർ ചെയ്തു. 33-ാം ഓവറിൽ കെയ്ൻ വില്യംസണിന്റെ നിർണായക വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ ഷമി വീണ്ടും കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. 69 റൺസെടുത്താണ് വില്യംസൺ പുറത്തായത്. ശേഷം തൊട്ടടുത്ത പന്തുകളിൽ ടോം ലതാമിനെ എൽബിഡബ്ലിയുവിൽ ഷമി തന്നെ കുരുക്കി. ശേഷം ഷമി നേടിയ വിക്കറ്റ് ഡാരിൽ മിച്ചലിന്റെതായിരുന്നു. ആ മത്സരത്തിന്റെ കളി മാറ്റിയ പന്തും അതായിരുന്നു. 119 പന്തിൽ ഏഴ് സിക്സറുകളും ഒമ്പത് ഫോറുകളുമടക്കം 134 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് മിച്ചൽ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച സമയത്തായിരുന്നു ആ ഷാർപ്പ് ഡെലിവറി. മിച്ചലിനെ ലോങ്ങ് ഓണിൽ ജഡേജയുടെ കൈകളിലാണ് ഷമി എത്തിച്ചത്. ശേഷം സൗത്തിയുടെയും ഫെർഗൂസന്റെയും വിക്കറ്റുകൾ കൂടി നേടി ഷമി ഏഴ് വിക്കറ്റും ഇന്ത്യ വിജയവും പൂർത്തിയാക്കി. അങ്ങനെ കിവി ബാറ്റിങ് നിരയുടെ ആദ്യ അഞ്ച് വിക്കറ്റുകൾ ഷമിയുടെ പേരിലായി.

മത്സരത്തില്‍ 9.5 ഓവര്‍ എറിഞ്ഞ ഷമി 57 റണ്‍സ് വഴങ്ങിയാണ് ഏഴ് വിക്കറ്റെടുത്തത്. ലോകകപ്പ് ചരിത്രത്തിലെ അഞ്ചാമത്തെ മികച്ച ബൗളിങ് പ്രകടനമായിരുന്നു അത്. 2003-ല്‍ നമീബിയക്കെതിരേ 15 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുന്‍ ഓസീസ് താരം ഗ്ലെന്‍ മക്ഗ്രാത്തിന്റേതാണ് മികച്ച പ്രകടനം. ഇതോടൊപ്പം ലോകകപ്പില്‍ 50 വിക്കറ്റുകള്‍ തികച്ച ഷമി ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി. 17 ഇന്നിങ്‌സുകളില്‍ നിന്നാണ് 50 വിക്കറ്റുകള്‍ തികച്ചത്. 19 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നേട്ടം അതോടെ വഴിമാറി.

ഷമിയുടേത് ഒരു ഇന്ത്യന്‍ താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്ത സ്റ്റ്യുവര്‍ട്ട് ബിന്നിയുടെ റെക്കോർഡ് ഷമി അന്ന് മറികടന്നു. ഏകദിനത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ താരം ഏഴുവിക്കറ്റ് നേടുന്നത്. ഇതോടൊപ്പം മറ്റൊരു റെക്കോർഡും ഷമി തകര്‍ത്തു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും സ്വന്തമാക്കി. ആദ്യ 4 കളിയിൽ പുറത്തിരുന്ന് പിന്നീടുള്ള 6 കളികളിൽ കൂടി നേടിയത് 23 വിക്കറ്റുകൾ.

പരിക്കുകൾ കൊണ്ടും കുടുംബ പ്രശ്നങ്ങൾ കൊണ്ടും തകർന്ന ജീവിതം നയിക്കുന്നതിനിടയിലായിരുന്നു ആ അവിശ്വസനീയ തിരിച്ചുവരവ്. ഇപ്പോഴിതാ നീണ്ട ഒരു വർഷത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം അയാൾ രഞ്ജിട്രോഫിയിലൂടെ മത്സര ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്. മധ്യപ്രദേശിനെതിരെ ബംഗാളിന് വേണ്ടി നടത്തിയ നാല് വിക്കറ്റ് പ്രകടനം അത് കൊണ്ട് തന്നെ ഷമിയെ പോലെ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ഏറെ സന്തോഷിപ്പിക്കുന്നു. ബോർഡർ ഗവാസ്‌ക്കർ ട്രോഫി പോലെയുള്ള നിർണ്ണായക ടൂർണമെന്റുകൾ മുന്നിലുണ്ടാകുമ്പോൾ ഷമി കൂടെയുണ്ടാവുയാണെങ്കിൽ അത് ടീമിനും ആരാധകർക്കും ഒരു പോലെ ധൈര്യമായിരിക്കും.

Content Highlights: one year down on Mohammed shami 7 wicket haul performance vs New zealand

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us