ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ എൽ രാഹുൽ ഓപൺ ചെയ്യുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തന്റെ സ്ഥാനം മധ്യനിരയിൽ എവിടെയെങ്കിലും ആവുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിലാണ് രോഹിത് ശർമ ഇന്ത്യയുടെ ഓപണിങ് ജോഡിയെക്കുറിച്ച് സംസാരിച്ചത്.
'പെർത്ത് ടെസ്റ്റിൽ കെ എൽ രാഹുൽ ബാറ്റ് ചെയ്ത രീതി താൻ വീട്ടിലിരുന്ന് കണ്ടിരുന്നു. ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് രാഹുൽ ബാറ്റ് ചെയ്തത്. അതുകൊണ്ട് ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒരു മാറ്റത്തിന്റെ ആവശ്യമില്ല. ചിലപ്പോൾ ഭാവിയിൽ ഒരു മാറ്റം വന്നേക്കാം. വിദേശ പിച്ചുകളിൽ രാഹുൽ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഓപണിങ് സ്ഥാനം രാഹുൽ അർഹിക്കുന്നുണ്ട്.' രോഹിത് ശർമ വ്യക്തമാക്കി.
പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു ഇന്ത്യൻ ഇന്നിംഗ്സ് ഓപൺ ചെയ്തത്. ആദ്യ ഇന്നിംഗ്സിൽ വിലയേറിയ 26 റൺസും രണ്ടാം ഇന്നിംഗ്സിൽ 77 റൺസും രാഹുൽ നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളിനൊപ്പം 201 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാനും രാഹുലിന് കഴിഞ്ഞിരുന്നു. പെർത്തിലെ മികവ് അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും രാഹുലിന് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.
Content Highlights: Rohit Sharma Confirms KL Rahul As Opener For 2nd Test Against Australia