പിന്നെ ദേഷ്യം വരില്ലേ? അരിശം തീരാതെ പന്ത് ബാറ്റർക്ക് നേരെയെറിഞ്ഞു; സിറാജ് കട്ടക്കലിപ്പിലാണ്; വൈറലായി വീഡിയോ

ഓസീസ് ഇന്നിങ്സിന്റെ 25-ാം ഓവറിലാണ് സിറാജിനെ ചൊടിപ്പിച്ച രം​ഗം അരങ്ങേറിയത്.

dot image

ബോർഡർ-ഗവാസ്‌കർ ട്രോഫി രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ആവേശകരമായ നിരവധി നിമിഷങ്ങളാണ് അരങ്ങേറിയത്. ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയയുടെ മാർനസ് ലബുഷെയ്നുമായി വാക്കേറ്റമുണ്ടായ സംഭവമാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ലബുഷെയ്ന് നേരെ ദേഷ്യത്തോടെ പന്ത് എറിയുകയാണ് ഇന്ത്യന്‍ ബൗളര്‍ ചെയ്തത്. ഓസീസ് ഇന്നിങ്സിന്റെ 25-ാം ഓവറിലാണ് സിറാജിനെ ചൊടിപ്പിച്ച രം​ഗം അരങ്ങേറിയത്.

ബൗള്‍ ചെയ്യുന്നതിനിടെ ഏതാണ്ട് ആക്ഷന്‍ പൂര്‍ത്തിയാക്കിയ സമയത്ത് പന്തെറിയുന്നത് നിര്‍ത്താന്‍ ലബുഷെയ്ൻ ആംഗ്യം കാണിച്ചതാണ് സിറാജിനെ ചൊടിപ്പിച്ചത്. ഓവറിലെ അവസാന പന്ത് എറിയാൻ സിറാജ് റൺ അപ്പ് പൂർത്തിയാക്കി ക്രീസിലേക്ക് എത്തിയപ്പോൾ ലബുഷെയ്ൻ ക്രീസിൽ നിന്ന് പിന്മാറുകയായിരുന്നു.

ബാറ്റര്‍മാര്‍ക്ക് കൃത്യമായ കാഴ്ച ലഭിക്കുന്നതിന് സ്റ്റേഡിയത്തിൽ സ്ഥാപിച്ച സ്‌ക്രീനിന് മുന്നിലൂടെ ഒരാള്‍ പൈപ്പ് പോലെ തോന്നിക്കുന്ന വലിയ വസ്തുവുമായി കടന്നുപോയപ്പോഴാണ് ലബുഷെയ്ൻ കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇതിനിടെ തന്നെ റണ്ണപ്പ് പൂര്‍ത്തിയാക്കിയ സിറാജിനും, പന്ത് നേരിടാതെ ബാറ്റര്‍ പിന്മാറിയത് എന്തിനായിരുന്നുവെന്ന് വ്യക്തമായിരുന്നില്ല. ഓസീസ് ബാറ്ററുടെ പ്രവർത്തിയിൽ അതൃപ്തനായ സിറാജ് ദേഷ്യത്തോടെ വിക്കറ്റിന് നേരെ പന്ത് വലിച്ചെറിഞ്ഞു.

Mohammed Siraj Video

വിക്കറ്റിൽ‌ നിന്ന് അല്‍പം മാറിയാണ് ലബുഷെയ്ൻ നിന്നിരുന്നത്. പന്ത് ദേഹത്തേക്ക് അല്ല എറിഞ്ഞതെങ്കിലും സിറാജിന്റെ ഈ പ്രവൃത്തി ലബുഷെയ്നെയും രോഷാകുലനാക്കി. പിന്നാലെ ഇരുവരും തമ്മില്‍ ​ഗ്രൗണ്ടിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. സംഭവത്തിന്റെ ദ‍ൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്ത്യൻ താരത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

അതേസമയം രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയ്‌ക്കെതിരായ ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ. അഡലെയ്ഡിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന മികച്ച നിലയിലാണ്. 13 റണ്‍സെടുത്ത ഓപണര്‍ ഉസ്മാന്‍ ഖവാജയെയാണ് ഓസീസിന് നഷ്ടമായത്. 11-ാം ഓവറില്‍ ജസ്പ്രീത് ബുംമ്രയാണ് ഖവാജയെ പുറത്താക്കിയത്. 38 റണ്‍സുമായി നഥാന്‍ മകസ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയേക്കാള്‍ 94 റണ്‍സിന് മാത്രം പിറകിലാണ് ആതിഥേയര്‍.

Content Highlights: IND vs AUS: Marnus Labuschagne fires up Siraj on day one in Adelaide Test, Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us