'ഇന്ത്യ ഇങ്ങനെ തന്നെയാണ് ഇനിയും മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍...'; സിറാജുമായുള്ള തർക്കത്തില്‍ ഹെഡ്

പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സിറാജും ഹെഡും തമ്മില്‍ ​ഗ്രൗണ്ടിൽ വെച്ച് വാക്കേറ്റമുണ്ടായത്

dot image

അഡലെയ്ഡ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജുമായി വാക്കേറ്റമുണ്ടായതില്‍ വിശദീകരണവുമായി ഓസീസ് താരം ട്രാവിസ് ഹെഡ്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സിറാജും ഹെഡും തമ്മില്‍ ​ഗ്രൗണ്ടിൽ വെച്ച് വാക്കേറ്റമുണ്ടായത്. സെഞ്ച്വറിയും കടന്ന് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച് മുന്നോട്ടുകുതിക്കുകയായിരുന്ന ഹെഡിന്റെ നിര്‍ണായക വിക്കറ്റ് സിറാജാണ് വീഴ്ത്തിയത്.

ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ വളരെ ദേഷ്യത്തോടെ ഹെഡിന് ഒരു യാത്രയയപ്പും സിറാജ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഗ്രൗണ്ടില്‍ വെച്ച് സിറാജും ഹെഡും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സിറാജിന്റെ അഗ്രഷനും ഗ്രൗണ്ടിലെ പെരുമാറ്റവും വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഓസീസ് താരം വിശദീകരിച്ച് രംഗത്തെത്തിയത്.

ആ സമയത്ത് ഒരു തരത്തിലും സിറാജിനെ പ്രകോപിപ്പിക്കാന്‍ നോക്കിയിരുന്നില്ലെന്നും താങ്കള്‍ വളരെ നന്നായാണ് ബൗള്‍ ചെയ്തതെന്ന് മാത്രമായിരുന്നു താന്‍ പറഞ്ഞതെന്നും ഹെഡ് പറഞ്ഞു. ഇന്ത്യന്‍ താരം അത് മോശമായി വിശകലനം ചെയ്യുകയാണുണ്ടായത്. സംഭവത്തില്‍ തനിക്ക് നിരാശയുണ്ടായെന്നും ഇന്ത്യന്‍ ടീം ഇത്തരത്തിലാണ് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അങ്ങനെ നടക്കട്ടെയെന്നും ഹെഡ് കൂട്ടിച്ചേര്‍ത്തു.

'എന്റെ വിക്കറ്റ് നഷ്ടപ്പെട്ട സമയത്ത് സിറാജിനോട് താങ്കള്‍ നന്നായി പന്തെറിഞ്ഞെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അത് അദ്ദേഹം മറ്റൊരു രീതിയിലാണ് എടുത്തത്. അവന്‍ എന്നോട് പവിലിയനിലേക്ക് മടങ്ങൂവെന്ന് കൈചൂണ്ടി പറഞ്ഞു. എനിക്കും പിന്നീട് എന്തൊക്കെയോ പറയേണ്ടിവന്നു. അതില്‍ എനിക്ക് വലിയ നിരാശയുണ്ട്', ഹെഡ് പറഞ്ഞു

'എന്തായാലും സംഭവിച്ചത് സംഭവിച്ചു. ഈ തരത്തിലാണ് ഇന്ത്യ ഇനിയും പ്രതികരിക്കാനും മുന്നോട്ടുപോകാനും ഉദ്ദേശിക്കുന്നതെങ്കില്‍ അത് തുടരുക', ഹെഡ് കൂട്ടിച്ചേര്‍ത്തു. മത്സരശേഷം ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിക്കവേയായിരുന്നു ഹെഡിന്റെ പ്രതികരണം.

ഒന്നാം ദിനം മാര്‍നസ് ലബുഷെയ്‌നുമായി തര്‍ക്കിച്ചതിന് പിന്നാലെയാണ് രണ്ടാം ദിനം ട്രാവിസ് ഹെഡുമായും ഗ്രൗണ്ടില്‍ വെച്ച് സിറാജ് കലഹിച്ചത്. 141 പന്തില്‍ നാല് സിക്‌സും 17 ഫോറും ഉള്‍പ്പടെ 140 റണ്‍സുമായി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹെഡ് മടങ്ങിയത്. അഡലെയ്ഡില്‍ ഇന്ത്യയെ ഭയപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ഹെഡിനെ 82-ാം ഓവറില്‍ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ഹെഡിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതിന്റെ എല്ലാ ആവേശവും സിറാജിന്റെ സെലിബ്രേഷനിലുണ്ടായിരുന്നു. ബൗള്‍ഡായതിന് പിന്നാലെ ഹെഡിനെ സിറാജ് തുറിച്ചുനോക്കുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. സിറാജ് വിക്കറ്റ് ആഘോഷിച്ച രീതിയില്‍ രോഷാകുലനായ ഹെഡ് ദേഷ്യത്തോടെ മറുപടി പറയുകയും ചെയ്തതാണ് രംഗം കൊഴുപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹെഡിനെ സ്ലെഡ്ജ് ചെയ്ത മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തിരുന്നു.

ഓസീസിന്റെ ആദ്യ ഇന്നിങ്‌സില്‍ 24.3 ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് 98 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. അഡലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നുമായി സിറാജ് വാക്കേറ്റത്തിലേര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. സിറാജ് റണ്‍അപ് പൂര്‍ത്തിയാക്കിയതിന് ശേഷം ലബുഷെയ്ന്‍ ബാറ്റിങ്ങില്‍ നിന്ന് പിന്‍വാങ്ങിയതാണ് സിറാജിനെ ചൊടിപ്പിച്ചത്. പിന്നാലെ സിറാജ് ദേഷ്യത്തോടെ പന്ത് ലബുഷെയ്‌ന് നേരെ വലിച്ചെറിയുകയായിരുന്നു.

​IND vs AUS: Travis Head on Mohammed Siraj's aggressive send off

dot image
To advertise here,contact us
dot image