വിക്കറ്റെടുത്തതിന് പിന്നാലെ ഹെഡിന് കലിപ്പന്‍ 'സെന്‍റ് ഓഫ്'; 'DSP' സിറാജിന്‍റെ അഗ്രഷന്‍ തുടരുന്നു, വീഡിയോ

അഡലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നുമായി സിറാജ് വാക്കേറ്റത്തിലേര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു

dot image

അഡലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ അഗ്രഷനും പെരുമാറ്റവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഓസീസ് ഇന്നിങ്‌സിനിടെ ബാറ്റര്‍ ട്രാവിസ് ഹെഡുമായാണ് സിറാജ് ഇത്തവണ വാക്കേറ്റമുണ്ടായത്. ഒന്നാം ദിനം മാര്‍നസ് ലബുഷെയ്‌നുമായി തര്‍ക്കിച്ചതിന് പിന്നാലെയാണ് രണ്ടാം ദിനം ട്രാവിസ് ഹെഡുമായും ഗ്രൗണ്ടില്‍ വെച്ച് സിറാജ് കലഹിച്ചത്.

രണ്ടാം ദിനം സെഞ്ച്വറിയും നേടി ഇന്ത്യയ്ക്ക് ഭീഷണിയായി ക്രീസില്‍ തുടരുകയായിരുന്ന ഹെഡിന്റെ നിര്‍ണായക വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. 141 പന്തില്‍ നാല് സിക്‌സും 17 ഫോറും ഉള്‍പ്പടെ 140 റണ്‍സുമായി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹെഡ് മടങ്ങിയത്. അഡലെയ്ഡില്‍ ഇന്ത്യയെ ഭയപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ഹെഡിനെ 82-ാം ഓവറില്‍ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ഹെഡിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതിന്റെ എല്ലാ ആവേശവും സിറാജിന്റെ സെലിബ്രേഷനിലുണ്ടായിരുന്നു. ബൗള്‍ഡായതിന് പിന്നാലെ ഹെഡിനെ സിറാജ് തുറിച്ചുനോക്കുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. സിറാജ് വിക്കറ്റ് ആഘോഷിച്ച രീതിയില്‍ രോഷാകുലനായ ഹെഡ് ദേഷ്യത്തോടെ മറുപടി പറയുകയും ചെയ്തതാണ് രംഗം കൊഴുപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹെഡിനെ സ്ലെഡ്ജ് ചെയ്ത മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തിരുന്നു.

ഓസീസിന്റെ ആദ്യ ഇന്നിങ്‌സില്‍ 24.3 ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് 98 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. അഡലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നുമായി സിറാജ് വാക്കേറ്റത്തിലേര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. സിറാജ് റണ്‍അപ് പൂര്‍ത്തിയാക്കിയതിന് ശേഷം ലബുഷെയ്ന്‍ ബാറ്റിങ്ങില്‍ നിന്ന് പിന്‍വാങ്ങിയതാണ് സിറാജിനെ ചൊടിപ്പിച്ചത്. പിന്നാലെ സിറാജ് ദേഷ്യത്തോടെ പന്ത് ലബുഷെയ്‌ന് നേരെ വലിച്ചെറിയുകയായിരുന്നു.

Content Highlights: Mohammed Siraj BIG fight with Travis Head after Aussie gets bowled

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us