ലബുഷെയ്ന് നേരെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പന്തെറിഞ്ഞ സംഭവത്തിൽ ഐസിസി നടപടിക്കൊരുങ്ങിയതായി റിപ്പോർട്ട്. ഐസിസി നിയമ പ്രകാരം പ്രകോപനങ്ങളില്ലാതെ താരത്തിനോ അമ്പയറിനോ നേരെ ഇത്തരത്തിൽ പന്തെറിയുന്നത് കുറ്റകരമാണ്. മത്സരത്തിൽ വിലക്കോ മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴയോ ആവും സിറാജിന് മേൽ ചുമത്തുക. വിഷയത്തിൽ ഇത് വരെ ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. എന്നാൽ നടപടി വേണ്ട രീതിയിലുള്ള പ്രതികരണമാണ് സിറാജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പല ക്രിക്കറ്റ് വിദഗ്ധരും പറയുന്നത്. താരത്തിന്റെ പ്രവർത്തി അതിര് കടന്നുപോയി എന്ന പ്രതികരണവുമായി ചില മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു.
ഓസീസ് ഇന്നിങ്സിന്റെ 25-ാം ഓവറിലാണ് സിറാജിനെ ചൊടിപ്പിച്ച രംഗം അരങ്ങേറിയത്. ബൗള്‍ ചെയ്യുന്നതിനിടെ ഏതാണ്ട് ആക്ഷന്‍ പൂര്‍ത്തിയാക്കിയ സമയത്ത് പന്തെറിയുന്നത് നിര്‍ത്താന്‍ ലബുഷെയ്ൻ ആംഗ്യം കാണിച്ചതാണ് സിറാജിനെ ചൊടിപ്പിച്ചത്. ഓവറിലെ അവസാന പന്ത് എറിയാൻ സിറാജ് റൺ അപ്പ് പൂർത്തിയാക്കി ക്രീസിലേക്ക് എത്തിയപ്പോൾ ലബുഷെയ്ൻ ക്രീസിൽ നിന്ന് പിന്മാറുകയായിരുന്നു.
ബാറ്റര്‍മാര്‍ക്ക് കൃത്യമായ കാഴ്ച ലഭിക്കുന്നതിന് സ്റ്റേഡിയത്തിൽ സ്ഥാപിച്ച സ്‌ക്രീനിന് മുന്നിലൂടെ ഒരാള്‍ പൈപ്പ് പോലെ തോന്നിക്കുന്ന വലിയ വസ്തുവുമായി കടന്നുപോയപ്പോഴാണ് ലബുഷെയ്ൻ കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇതിനിടെ തന്നെ റണ്ണപ്പ് പൂര്‍ത്തിയാക്കിയ സിറാജിനും, പന്ത് നേരിടാതെ ബാറ്റര്‍ പിന്മാറിയത് എന്തിനായിരുന്നുവെന്ന് വ്യക്തമായിരുന്നില്ല. ഓസീസ് ബാറ്ററുടെ പ്രവർത്തിയിൽ അതൃപ്തനായ സിറാജ് ദേഷ്യത്തോടെ വിക്കറ്റിന് നേരെ പന്ത് വലിച്ചെറിഞ്ഞു.
വിക്കറ്റിൽ നിന്ന് അല്‍പം മാറിയാണ് ലബുഷെയ്ൻ നിന്നിരുന്നത്. പന്ത് ദേഹത്തേക്ക് അല്ല എറിഞ്ഞതെങ്കിലും സിറാജിന്റെ ഈ പ്രവൃത്തി ലബുഷെയ്നെയും രോഷാകുലനാക്കി. പിന്നാലെ ഇരുവരും തമ്മില്‍ ഗ്രൗണ്ടിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്ത്യൻ താരത്തിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു.
Mohammed Siraj was not too pleased with this 😂#AUSvIND pic.twitter.com/1QQEI5NE2g
— cricket.com.au (@cricketcomau) December 6, 2024
അതേസമയം രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയ്‌ക്കെതിരായ ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നത്. അഡലെയ്ഡിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന മികച്ച നിലയിലായിരുന്നു.
Content Highlights:Siraj risks ICC punishment for throwing the ball at Labuschagne