ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റായ അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണം കെട്ട തോൽവി. രണ്ടാം ഇന്നിങ്സിൽ ഓസീസിന് വിജയിക്കാൻ വേണ്ട 19 റൺസ് 3 . 2 ഓവറിൽ ലക്ഷ്യം കണ്ടു. ആദ്യ ഇന്നിങ്സിൽ 180 റൺസിന് ഓൾ ഔട്ടായ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 175 റൺസിന് ഓൾ ഔട്ടായിരുന്നു.
ആദ്യ ഇന്നിങ്സിൽ 337 റൺസ് നേടിയ ഓസീസിന് വേണ്ടത് അതോടെ 19 റൺസ് മാത്രമായി. പാറ്റ് കമ്മിൻസണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. സ്കോട് ബോളണ്ട് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി.ഇന്ത്യൻ നിരയിൽ 42 റൺസെടുത്ത് പൊരുതി നിന്ന നിതീഷ് കുമാർ റെഡ്‌ഡിയാണ് ഇന്നിങ്‌സ് തോൽവിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 28 റൺസ് വീതമെടുത്ത ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് ഒഴികെ ഇന്ത്യൻ ബാറ്റർമാരിൽ ഒരാൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
നേരത്തെ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ച്വറി ബലത്തിലാണ് ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ 337 റണ്സെടുത്തത്. 141 പന്തിൽ 17 ഫോറുകളും നാല് സിക്സറുകളും അടക്കം ഹെഡ് 140 റൺസ് നേടി. ഹെഡിനെ കൂടാതെ ലബുഷെയ്ൻ 64 റണ്സെടുത്തും നഥാൻ മക്സ്വീനി 39 റണ്സെടുത്തും മികച്ച പിന്തുണ നൽകി. ഇന്ത്യൻ നിരയിൽ നിന്ന് ബുംമ്ര, സിറാജ് എന്നിവർ നാല് വിക്കറ്റ് വീതം നേടി. മിച്ചൽ സ്റ്റാർക്കിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിനെ തകർത്തത്. 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്‌ഡി തന്നെയായിരുന്നു ഒന്നാം ഇന്നിങ്ങ്‌സിലെയും ഇന്ത്യയുടെ ടോപ് സ്‌കോറർ.
Content Highlights: Australia won for 10 wickets in second test in border gavaskar trophy