ഓസ്‌ട്രേലിയയ്‌ക്കെതിരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ പരാജയം വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അഡലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റുകളുടെ പരാജയമാണ് രോഹിത്തും സംഘവും വഴങ്ങിയത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലെ വിജയം ആവര്‍ത്തിക്കാന്‍ ശമിച്ചെങ്കിലും അഡലെയ്ഡില്‍ അതിന് സാധിച്ചില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നത്.
Series level. One-all.
— cricket.com.au (@cricketcomau) December 8, 2024
An emphatic victory for Australia in Adelaide #AUSvIND pic.twitter.com/oR8OqesU5O
'ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ആഴ്ച തന്നെയായിരുന്നു ഇത്. മത്സരം വിജയിക്കുന്നതിനായി ഞങ്ങൾ നന്നായി കളിച്ചില്ല. അതേസമയം ഓസ്ട്രേലിയ ഞങ്ങളെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മാത്രമല്ല ഞങ്ങൾക്ക് ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗിക്കുന്നതിലും ഞങ്ങൾ പരാജയപ്പെട്ടു. പെർത്തിൽ വളരെ സ്പെഷ്യലായ പ്രകടനമായിരുന്നു ഞങ്ങൾ കാഴ്ചവച്ചത്. അതുതന്നെയാണ് ഇവിടെയും തുടരാൻ ഞാൻ ആഗ്രഹിച്ചത്. പക്ഷേ, എല്ലാ ടെസ്റ്റ് മത്സരത്തിനും അതിന്റെതായ വെല്ലുവിളികളുണ്ട്. പിങ്ക് ബോൾ ടെസ്റ്റ് വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു', രോഹിത് വ്യക്തമാക്കി.
'ഇനി അടുത്ത ടെസ്റ്റ് മത്സരത്തിലേക്കാണ് ഞങ്ങൾ പൂർണമായി ശ്രദ്ധ നൽകുന്നത്. ഗാബ ടെസ്റ്റിന് ഇനി അധികം സമയമില്ല. പെർത്തിൽ പുറത്തെടുത്ത പ്രകടനം തന്നെ ഗാബയിലും ആവർത്തിക്കാൻ ഞങ്ങൾ ശ്രമിക്കും. എല്ലാം തുടക്കം മുതൽ ആരംഭിക്കാനാണ് ഇപ്പോൾ ശ്രമം', രോഹിത് കൂട്ടിച്ചേർത്തു.
അഡലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 337 റൺസ് സ്വന്തമാക്കുകയും 157 റൺസിന്റെ ലീഡ് നേടുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 175 റൺസിൽ അവസാനിച്ചപ്പോൾ, ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 19 റൺസായി മാറി. വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ ഈ സ്കോർ മറികടക്കുകയും വിജയം സ്വന്തമാക്കുകയുമാണ് ഉണ്ടായത്. അഡലെയ്ഡിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമെത്തി.
അഡലെയ്ഡ് ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിടുകയുണ്ടായി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. വിജയത്തോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ നേരത്തെ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു ഓസീസ്. ദക്ഷിണാഫ്രിക്കയാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടാൻ ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിക്കേണ്ടതായി വരും.
Content Highlights: IND vs AUS: Rohit Sharma's Unfiltered Verdict On Adelaide Test Defeat