ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരമായ അഡലെയ്ഡിലെ വമ്പൻ തോൽവിക്ക് പിന്നാലെ സീനിയർ താരം രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. രോഹിത്തിന് കീഴിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും രോഹിത്തിന് കീഴിൽ ഇന്ത്യ തോറ്റിരുന്നു.
കളിക്കാരനെന്ന നിലയിൽ അഡലെയ്ഡിലെ രണ്ട് ഇന്നിങ്സിലും തിളങ്ങാതിരുന്ന രോഹിത്തിന്‍റെ നായകനെന്ന നിലയിലുള്ള തീരുമാനങ്ങളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലും ഇന്ത്യ വിജയിച്ച പെർത്ത് ടെസ്റ്റിലും സ്പിന്നിൽ മികച്ച പ്രകടനം കാഴ്ച വെച്ച വാഷിങ്ടൺ സുന്ദറിന് പകരം ഫോം ഔട്ടായ രവിചന്ദ്രൻ അശ്വിനെ ഇറക്കിയത് എതിർപ്പുകളുണ്ടാക്കിയിരുന്നു.
ശേഷം ബൗളർമാർക്ക് ഓവറുകൾ നൽകുന്നതിലും വീഴ്ച ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരങ്ങളും രംഗത്തെത്തിയിരുന്നു. അഡലെയ്ഡിൽ ആറാമനായി ഇറങ്ങിയ രോഹിത് ആദ്യ ഇന്നിങ്സിൽ 23 പന്തുകൾ നേരിട്ട് മൂന്ന് റൺസ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 15 പന്തിൽ നിന്ന് ആറ് റൺസും. ഇതോടെ പെർത്തിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ച ബുംമ്രയെ തിരിച്ചുകൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം.
പെർത്തിൽ ഇരു ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റ് നേടിയ ബുംമ്ര ഇന്ത്യയ്ക്ക് 295 റൺസിന്റെ മികച്ച വിജയം സമ്മാനിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രോഹിത് പെർത്തിലെ ആദ്യ ടെസ്റ്റിൽ നിന്ന് മാറി നിന്ന ഒഴിവിലാണ് ബുംമ്ര പെർത്തിൽ നായകനായിരുന്നത്.
Massive win in Adelaide for Australia as they level the series 1-1 💪#WTC25 | #AUSvIND 📝: https://t.co/D4QfJY2DY1 pic.twitter.com/RXZusN98wU
— ICC (@ICC) December 8, 2024
ഡിസംബർ 14 മുതലാണ് ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അടുത്ത മത്സരം നടക്കുന്നത്. ഗാബ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ മുന്നേറുവാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനും ഗാബ ടെസ്റ്റിലെ വിജയം ഇന്ത്യയ്ക്ക് നിർണ്ണായകമാകും.
Content Highlights:Rohit Sharma should be replaced by Bumrah as the captain; Fan Criticism After Adelaide Defeat