അഡലെയ്ഡ് ടെസ്റ്റിൽ ടീം ഇന്ത്യ പത്ത് വിക്കറ്റിന്റെ വമ്പൻ പരാജയത്തെ ഏറ്റുവാങ്ങിയതിന് പിന്നാലെ വെറ്ററൻ പേസർ മുഹമ്മദ് ഷമിയുടെ സേവനം എത്രയും പെട്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മുൻ പാക് താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ബാസിത് അലി.' ബുംമ്രയ്ക്കൊപ്പം നന്നായി പന്തെറിയുന്ന താരത്തെ ഇന്ത്യ മിസ് ചെയ്യുന്നുണ്ട്, ഹർഷിത് റാണയ്ക്കും മുഹമ്മദ് സിറാജിനും മതിയായ പിന്തുണ നൽകാൻ കഴിയുന്നില്ല, ഈ അവസരത്തിൽ മുഹമ്മദ് ഷമിയെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും' ബാസിത് അലി പറഞ്ഞു.
രഞ്ജിട്രോഫിയിലും മുഷ്താഖ് ട്രോഫി ടി20 യിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ഷമിയെ കൊണ്ട് വരാൻ ഇനിയും എന്താണ് വൈകുന്നതെന്നും ബാസിത് അലി ചോദിച്ചു. താരത്തിന്റെ ഫിറ്റ്നസിൽ അനാവശ്യ ആശങ്കയുടെ ആവശ്യമില്ല, സന്ദർഭത്തിനനുസരിച്ച് ഉയർന്നുവരാൻ കഴിയുന്ന താരമാണ് ഷമി, ഇന്ത്യയ്ക്ക് പരമ്പരയിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും തിരിച്ചുവരാൻ ആ മാർഗം മാത്രമേ ഇന്ത്യയ്ക്കുള്ളൂ, ബാസിത് അലി കൂട്ടിച്ചേർത്തു.
അതേ സമയം മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസിനെ കുറിച്ച് നിര്‍ണായക അപ്‌ഡേറ്റുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നലെ രംഗത്തെത്തിയിരുന്നു. ഷമിക്ക് വേണ്ടി ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും എന്നാല്‍ പരിക്ക് പൂർണമായും ഭേദമാവാതെ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതില്‍ തിരക്കുകൂട്ടാന്‍ ടീം ആഗ്രഹിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു. രഞ്ജി ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഷമിയെ ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതുവരെയും താരത്തിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്നാണ് സൂചന.
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഷമിക്ക് പിന്നീട് പരിക്കുമൂലം ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനായിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സ്ഥാനം നഷ്ടമായ ഷമി അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിച്ചാലെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ഷമി മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ കളിക്കാനിറങ്ങിയത്. നേരത്തെ ബംഗാളിനായി രഞ്ജി ട്രോഫിയില്‍ ഒരു മത്സരത്തിൽ നിന്ന് മാത്രം ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു.
മുഷ്താഖ് അലി ട്രോഫിയിൽ ഇത് വരെ മുപ്പതോളം ഓവറുകളെറിഞ്ഞ് താരം ഫിറ്റ്നസ് തെളിയിച്ചിക്കുകയും ചെയ്തിരുന്നു. നന്നായി കളിക്കാനാകുന്നുണ്ടെങ്കിലും അഞ്ച് ദിവസം തുടര്‍ച്ചയായി പിടിച്ചുനില്‍ക്കാനുള്ള കായികക്ഷമത ഇതുവരെ ഷമിക്ക് ആയില്ലെന്നാണ് മെഡിക്കൽ സംഘം വിലയിരുത്തുന്നത്. നിലവില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ രണ്ടാം മത്സരം പരാജയപ്പെട്ട സാഹചര്യത്തിൽ ബുംമ്രയ്‌ക്കൊപ്പം ശക്തമായ പേസ് നിരയുടെ അഭാവം ഇന്ത്യ നേരിടുന്നുണ്ട്.
Content Highlights: Former Pakistan player Basit Ali on Mohammed Shami's return