ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്. അഡലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിനാണ് ആതിഥേയരോട് ഇന്ത്യ തോല്‍വി വഴങ്ങിയത്. പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റിലെ പരിചയക്കുറവല്ല ഇന്ത്യന്‍ തോല്‍വിക്ക് പിന്നിലെ കാരണമെന്ന് പറഞ്ഞ ഹര്‍ഭജന്‍ അഡലെയ്ഡിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ പരാജയയപ്പെട്ട ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
'പിങ്ക് ബോള്‍ മത്സരങ്ങള്‍ വ്യത്യസ്തമാണെന്ന സ്ഥിരം ന്യായീകരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് വെറുമൊരു പന്ത് മാത്രമാണ്, മറ്റൊന്നുമില്ല. ഒരു ബാറ്ററെന്നും ബൗളറെന്നുമുള്ള നിലയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം കൊണ്ടുവരാനും പ്ലാന്‍ ചെയ്യാനും കഴിയണം. നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് കളിക്കുന്നത്. ഇത്തരം ഒഴികഴിവുകള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല', ഹര്‍ഭജന്‍ പറഞ്ഞു.
'എന്നെ സംബന്ധിച്ചിടത്തോളം റെഡ് ബോളും പിങ്ക് ബോളും വൈറ്റ് ബോളും വ്യത്യസ്തമല്ല. ഓരോ മത്സരങ്ങളെയും നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം. അന്താരാഷ്ട്ര മത്സരങ്ങളില്‍ എളുപ്പമുള്ള സാഹചര്യങ്ങള്‍ ലഭിക്കണമെന്നില്ല. മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കണം', ഹര്‍ഭജന്‍ പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അഡലെയ്ഡ് ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയം കൈവിട്ടത്. അഡലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 337 റൺസ് സ്വന്തമാക്കുകയും 157 റൺസിന്റെ ലീഡ് നേടുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 175 റൺസിൽ അവസാനിച്ചപ്പോൾ, ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 19 റൺസായി മാറി. വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ ഈ സ്കോർ മറികടക്കുകയും വിജയം സ്വന്തമാക്കുകയുമാണ് ഉണ്ടായത്. അഡലെയ്ഡിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമെത്തി.
Content Highlights: Harbhajan Singh slams Indian players for failing to adapt to the conditions in Adelaide Test