ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഗാബയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ മുഹമ്മദ് ഷമി എത്തുമോ ഇല്ലയോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. നിലവിൽ പരമ്പരയിൽ ഓസീസും ഇന്ത്യയും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ഇന്ത്യയ്ക്ക് തിരിച്ചുവരാൻ ജസ്പ്രീത് ബുംമ്രയ്‌ക്കൊപ്പം ഷമിയും വേണമെന്നാണ് ആരാധകർ പറയുന്നത്.
പരിക്കേറ്റ ശേഷം തിരിച്ചു വന്ന് രഞ്ജിട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വെച്ച ഷമിക്ക് ഇന്ത്യൻ ടീം വാതിൽ തുറന്നിട്ടിരിക്കുകയാണ് എന്ന് രോഹിത് ശർമ ഇന്നലത്തെ മത്സര ശേഷം പറയുകയും ചെയ്തിരുന്നു. ഔദ്യോഗികമായി ചെയ്യേണ്ട ചില ഫിറ്റ്നസ് ടെസ്റ്റുകളാണ് ഇനി പൂർത്തിയാകാനുള്ളത് എന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. അങ്ങനെ ഷമി കളിക്കുമോ ഇല്ലയോ എന്ന വിഷയത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ബാറ്റ് കൊണ്ടും ഷമിയുടെ രക്ഷാപ്രവർത്തനം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിന് വേണ്ടിയായിരുന്നു ബാറ്റ് കൊണ്ടുള്ള താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ചണ്ഡീഗഢിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ പത്താമനായി ബാറ്റിങ്ങിനെത്തിയ ഷമി, 17 പന്തിൽ മൂന്ന് ഫോറുകളും രണ്ടു സിക്സറുകളും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറും ബാറ്റു ചെയ്ത ബംഗാൾ ചണ്ഡീഗഢിന് മുന്നിൽ 160 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. നിലവിൽ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോൾ 26 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ചണ്ഡീഗഡ്. ഇതിൽ ഒരു വിക്കറ്റ് നേടിയതും ഷമിയാണ്.
Content Highlights: Mohammed Shami's outstanding batting perfomance for bengal in syed mushtaq ali trophy pre quarter final