റിഷഭ് പന്തിന്റെ കാര്യത്തിൽ പണം പ്രധാന ഘടകമല്ലെന്ന സഹ ഉടമ പാർത്ഥ് ജിൻഡാലിന്റെ വാദത്തെ തള്ളി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ ഹേമാംഗ് ബദാനി. റിഷഭ് പന്തിനെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടന്നിരുന്നു. അവസാനം ആർടിഎം ഉപയോഗിച്ച് വരെ താരത്തെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ തന്നെ ലേലത്തിൽ ലഭ്യമാക്കി മാർക്കറ്റ് പരീക്ഷിക്കാനാണ് പന്ത് ആഗ്രഹിച്ചത് എന്നും ബദാനി പറഞ്ഞു.
നേരത്തെ റിഷഭ് പന്തിനെ നിലനിർത്താത്തതിൽ വ്യത്യസ്ത അഭ്യൂഹങ്ങളുയർന്നിരുന്നു. റീട്ടെന്‍ഷന്‍ ഫീസിനെ ചൊല്ലി ഫ്രാഞ്ചൈസിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പന്ത് ഡല്‍ഹി വിട്ടിരിക്കുകയെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടത്. എന്നാൽ ഇതിനെ തിരുത്തി പന്ത് തന്നെ രംഗത്തെത്തി. അത് ഒരിക്കലും പണത്തിന് വേണ്ടിയായിരുന്നില്ല എന്നായിരുന്നു പന്തിന്റെ പ്രതികരണം.
തുടർന്ന് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർത്ഥ് ജിൻഡാലും സമാന പ്രസ്താവന നടത്തി. പണം പന്തിനും ഞങ്ങൾ ടീമുടമകൾക്കും പ്രശ്‌നമായിരുന്നില്ലെന്നും മറ്റ് ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് പന്ത് ടീം വിട്ടതെന്നുമായിരുന്നു പാർത്ഥ് പറഞ്ഞത്. എന്നാൽ ഇപ്പോൾ താരത്തിന്റെയും ഡൽഹി ക്യാപിറ്റൽസ് ഉടമയുടെയും വാദത്തെ തള്ളുന്നതാണ് പരിശീലകന്റെ വെളിപ്പെടുത്തൽ.
അതേ സമയം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തായിരുന്നു ഐപിഎല്‍ 2025 മെഗാതാരലേലത്തിന്റെ സൂപ്പര്‍ സ്റ്റാര്‍. ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പന്തിനെ തട്ടകത്തിലെത്തിച്ചത്.
Content Highlights: Delhi Capitals head coach breaks silent on Rishab Pant team departure