'നിങ്ങള്‍ ഇവിടെ ക്രിക്കറ്റ് കളിക്കാന്‍ വന്നതാണെന്ന കാര്യം മറക്കരുത്'; ഇന്ത്യന്‍ താരങ്ങളോട് ഗാവസ്കർ

'ദിവസം മുഴുവന്‍ പരിശീലിക്കണമെന്നല്ല പറയുന്നത്. രാവിലെയോ ഉച്ചയ്ക്കു ശേഷമോ, നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു സെഷനില്‍ പരിശീലനം നടത്തുക.'

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ പരാജയത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. അഡലെയ്ഡ് ടെസ്റ്റില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ പരാജയം വഴങ്ങിയത്. വെറും രണ്ടര ദിവസം മാത്രമാണ് ഈ മത്സരം നീണ്ടത്. മത്സരം നേരത്തെ കഴിഞ്ഞതിനാല്‍ ഒഴിവുസമയങ്ങള്‍ വെറുതെ പാഴാക്കാതെ ഗ്രൗണ്ടിലിറങ്ങി കഠിനാധ്വാനം ചെയ്യണമെന്നാണ് ഗാവസ്‌കറുടെ ഉപദേശം.

'അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ് ഇതെന്ന കാര്യം പൂര്‍ണമായും മറക്കുക. പരമ്പരയില്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളുള്ള പരമ്പരയായി കണക്കാക്കണം. പരിശീലന സെഷനുകള്‍ സുപ്രധാനമാണ്. ഈ ദിവസങ്ങളില്‍ വെറുതേ ഹോട്ടല്‍ മുറിയിലിരുന്ന് സമയം കളയരുത്. നിങ്ങള്‍ ഇവിടെ ക്രിക്കറ്റ് കളിക്കാന്‍ വന്നതാണെന്ന കാര്യം മറക്കരുത്.

ദിവസം മുഴുവന്‍ പരിശീലിക്കണമെന്നല്ല പറയുന്നത്. രാവിലെയോ ഉച്ചയ്ക്കു ശേഷമോ, നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു സെഷനില്‍ പരിശീലനം നടത്തുക. പക്ഷേ ഈ ദിവസങ്ങളില്‍ മുറിയിലിരുന്ന് വെറുതേ സമയം പാഴാക്കരുത്. ഈ മത്സരം അഞ്ച് ദിവസവും നീണ്ടിരുന്നെങ്കില്‍ നിങ്ങള്‍ ഇവിടെ ടെസ്റ്റ് കളിക്കേണ്ടതായിരുന്നുവെന്ന് മറക്കരുത്. ഇഷ്ടമുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാമെന്ന തരത്തിലുള്ള ആനുകൂല്യങ്ങള്‍ ശരിയല്ല.

ക്രിക്കറ്റിന് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചിട്ടുള്ള ആളുകളെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് ഒരേസമയം ബഹുമതിയും ആനുകൂല്യവുമാണ്. ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയയില്‍ എത്ര ദിവസമുണ്ടായിരിക്കുമെന്ന് ഞാന്‍ കണക്കുകൂട്ടി നോക്കിയിട്ടുണ്ട്. 57 ദിവസമാണ് അവര്‍ ഇവിടെയുണ്ടാവുക. 57 ദിവസത്തില്‍ അഞ്ച് ടെസ്റ്റുകള്‍ നടക്കുന്ന ദിവസങ്ങള്‍ ഒഴിവാക്കിയാലും 32 ദിവസം ബാക്കിയുണ്ട്.

രണ്ടു ദിവസം പരിശീലന മത്സരത്തിനെടുത്തത് ഒഴിവാക്കിയിട്ടും 30 ദിവസം ബാക്കിയാണ്. കൂടാതെ മത്സരം നേരത്തേ കഴിഞ്ഞതുകൊണ്ട് പെര്‍ത്തില്‍ ഒരു ദിവസവും അഡലെയ്ഡില്‍ രണ്ട് ദിവസവും വെറുതേ കിട്ടിയിട്ടുണ്ട്. ഇത്രയും സമയം പാഴാക്കാതെ ഗ്രൗണ്ടില്‍ വന്ന് കഠിനമായി അടുത്ത മത്സരത്തിന് വേണ്ടി പരിശീലിക്കുക.' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Sunil Gavaskar on Team India After Adelaide Defeat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us