സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഛണ്ഡിഗഡിനെ തകര്‍ത്ത് ബംഗാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ആദ്യ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഛണ്ഡിഗഡിനെ മൂന്ന് റണ്‍സിനാണ് ബംഗാള്‍ പരാജയപ്പെടുത്തിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുകയും ബൗളിങ്ങില്‍ ഒരു വിക്കറ്റും വീഴ്ത്തുകയും ചെയ്ത ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ബംഗാളിന് വിജയം സമ്മാനിച്ചത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ചണ്ഡിഗഡിന്റെ മറുപടി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ അവസാനിച്ചു.
ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റിന് 114 റൺസ് എന്ന നിലയിലായിരുന്ന ബംഗാളിനെ അവസാന ഓവറുകളിൽ ഷമിയുടെ തകർപ്പനടിയാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 17 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 32 റൺസാണ് ഷമി അടിച്ചുകൂട്ടിയത്. ബൗളിങ്ങിൽ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തും ഷമി തിളങ്ങി.
Shami can be included as a pure batter in BGT. Atleast will score more than Rohit and Virat 💀pic.twitter.com/Xr0xKRiXSx
— Dinda Academy (@academy_dinda) December 9, 2024
160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചണ്ഡിഗഡിന് വേണ്ടി 20 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 32 റൺസെടുത്ത രാജ് ബാവയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ മനൻ വോഹ്റ (24 പന്തിൽ 23), പ്രദീപ് യാദവ് (19 പന്തിൽ 27), നിഖിൽ ശർമ (17 പന്തിൽ 22) എന്നിവരും തിളങ്ങി. ബംഗാളിനായി സയൻ ഘോഷ് നാല് ഓവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കനിഷ്ക് സേത് രണ്ടും ഷമി, ഷഹ്ബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlights: Syed Mushtaq Ali Trophy 2024: Mohammed Shami takes Bengal to quarters