അഡലെയ്ഡിൽ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലെ പത്ത് വിക്കറ്റ് തോൽവിക്ക് പിന്നലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവ് രംഗത്ത്. ക്യാപ്റ്റൻസിയിൽ ഒരുപാട് തെളിയിച്ച താരമാണ് രോഹിതെന്നും തിരിച്ചുവരാൻ അപാര കഴിവും മനസ്സാന്നിധ്യവുമുള്ള ഒരാളാണ് അദ്ദേഹമെന്നും പറഞ്ഞ കപിൽ ദയവ് ചെയ്ത് അനാവശ്യ സംശയങ്ങളുയർത്തി താരത്തെയും ടീമിനെയും സമ്മർദ്ദത്തിലാക്കരുത് എന്നും പ്രതികരിച്ചു.
'അപരാജിത കുതിപ്പുമായി ഫൈനലിലെത്തി അവസാനം കിരീടം നഷ്ടമായ 2023 ഏകദിന ലോകകപ്പ് ഓർമയുണ്ടാകും, ആരാധകർക്കും ഇന്ത്യൻ ടീമിനും ഏറെ നിരാശ നൽകുന്ന ഒന്നായിരുന്നു അത്, എന്നാൽ അതിന് ശേഷം രോഹിതിന് കീഴിൽ തന്നെ ഇത്തവണത്തെ ടി 20 ലോകകപ്പ് കിരീടം നേടി ഇന്ത്യ തീരിച്ചുവന്നു. ഇരു ലോകകപ്പിലേയും താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലുമുള്ള താരത്തിന്റെ സംഭാവന മറക്കരുത്, നല്ല സമയങ്ങളിൽ ആഘോഷമായി കൂടെയുള്ളവർ മോശം സമയങ്ങളിൽ പിന്തുണയുമായി കൂടെയുണ്ടാകണം', കപിൽ പറഞ്ഞു.
അതേ സമയം ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരമായ അഡലെയ്ഡിലെ വമ്പൻ തോൽവിക്ക് പിന്നാലെ സീനിയർ താരം രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. രോഹിത്തിന് കീഴിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും രോഹിത്തിന് കീഴിൽ ഇന്ത്യ തോറ്റിരുന്നു.
കളിക്കാരനെന്ന നിലയിൽ അഡലെയ്ഡിലെ രണ്ട് ഇന്നിങ്സിലും തിളങ്ങാതിരുന്ന രോഹിത്തിന്‍റെ നായകനെന്ന നിലയിലുള്ള തീരുമാനങ്ങളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലും ഇന്ത്യ വിജയിച്ച പെർത്ത് ടെസ്റ്റിലും സ്പിന്നിൽ മികച്ച പ്രകടനം കാഴ്ച വെച്ച വാഷിങ്ടൺ സുന്ദറിന് പകരം ഫോം ഔട്ടായ രവിചന്ദ്രൻ അശ്വിനെ ഇറക്കിയത് എതിർപ്പുകളുണ്ടാക്കിയിരുന്നു.
ശേഷം ബൗളർമാർക്ക് ഓവറുകൾ നൽകുന്നതിലും വീഴ്ച ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരങ്ങളും രംഗത്തെത്തിയിരുന്നു. അഡലെയ്ഡിൽ ആറാമനായി ഇറങ്ങിയ രോഹിത് ആദ്യ ഇന്നിങ്സിൽ 23 പന്തുകൾ നേരിട്ട് മൂന്ന് റൺസ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 15 പന്തിൽ നിന്ന് ആറ് റൺസും. ഇതോടെ പെർത്തിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ച ബുംമ്രയെ തിരിച്ചുകൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം.
ഡിസംബർ 14 മുതലാണ് ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അടുത്ത മത്സരം നടക്കുന്നത്. ഗാബ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ മുന്നേറുവാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനും ഗാബ ടെസ്റ്റിലെ വിജയം ഇന്ത്യയ്ക്ക് നിർണ്ണായകമാകും.
Content Highlights: 'Rohit won't be there if ... ': Kapil Dev makes bold remark after India's defeat to Australia in 2nd Test