ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഓപണറാക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേശ്. ഡിസംബര്‍ 14ന് ആരംഭിക്കുന്ന ഗാബ ടെസ്റ്റില്‍ രോഹിത് ഇന്ത്യന്‍ ഇന്നിങ്സ് ഓപണ്‍ ചെയ്താല്‍ അറവുശാലയിലേയ്ക്ക് ആട്ടിന്‍കുട്ടിയെ പറഞ്ഞയയ്ക്കുന്നതുപോലെയാകുമെന്നാണ് ഗണേശ് പറയുന്നത്. ഗാബയില്‍ കെ എല്‍ രാഹുലിനെ മാറ്റി രോഹിത്തിനെ ഓപണിങ്ങിലേക്ക് തിരിച്ചെത്തിക്കണമെന്ന് രവി ശാസ്ത്രിയും സുനില്‍ ഗവാസ്കറുമടക്കമുള്ള മുന്‍ താരങ്ങള്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ദൊഡ്ഡ ഗണേശ് അഭിപ്രായവുമായി രംഗത്തെത്തിയത്.
'രോഹിത് ശര്‍മയ്ക്ക് ഇപ്പോള്‍ ആത്മവിശ്വാസവും റണ്‍സും കുറവാണ്. ഗാബയില്‍ അദ്ദേഹത്തെ ഓപണിങ്ങിന് ഇറക്കണമെന്ന് ചില വിദഗ്ധര്‍ പറയുന്നതു കേട്ടു. അവര്‍ ഭൂലോക വിഡ്ഢിത്തമാണ് പറയുന്നത്. ബാറ്റുവീശി കുറച്ചുമാത്രം റണ്‍സെടുക്കാന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന പരമ്പരയല്ല ഇപ്പോള്‍ രോഹിത് കളിക്കുന്നത്. ഗാബയില്‍ രോഹിത്തിനെ ഓപണിങ്ങിന് ഇറക്കിയാല്‍ അറവുശാലയിലേയ്ക്ക് ആട്ടിന്‍കുട്ടിയെ അയയ്ക്കുന്ന പോലെയാകും', ദൊഡ്ഡ ഗണേശ് എക്സില്‍ കുറിച്ചു.
Rohit Sharma is already short of confidence and runs. Experts urging him to open at Gabba, is foolhardy to say the least. The series is not being played in the sub-continent where he can throw his bat and get some runs. It will be lamb to the slaughter house if he opens #AUSvIND
— Dodda Ganesh | ದೊಡ್ಡ ಗಣೇಶ್ (@doddaganesha) December 9, 2024
നിലവില്‍ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമാണ് ഇന്ത്യയുടെ ഓപണര്‍മാര്‍. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തിലാണ് കെ എല്‍ രാഹുല്‍ ഓപണിങ്ങിനെത്തുന്നത്. ഒന്നാം ടെസ്റ്റില്‍ രാഹുല്‍ നിര്‍ണായക പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ രോഹിത് രണ്ടാം ടെസ്റ്റില്‍ തന്റെ സ്ഥാനം വിട്ടുകൊടുത്ത് മധ്യനിരയിലേയ്ക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ പെര്‍ത്തില്‍ കാഴ്ച വെച്ച റെക്കോര്‍ഡ് പ്രകടനം അഡലെയ്ഡില്‍ ആവര്‍ത്തിക്കാന്‍ രാഹുലിനും ജയ്സ്വാളിനും സാധിച്ചില്ല. ഇതോടെയാണ് രോഹിത്തിനെ ഓപണിങ്ങിലേയ്ക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
എന്നാല്‍ സമീപകാല ടെസ്റ്റില്‍ ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വളരെ മോശം പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ച വെക്കുന്നത്. കഴിഞ്ഞ ആറ് ടെസ്റ്റുകളില്‍ നിന്ന് 11.83 ശരാശരിയില്‍ 142 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ പരാജയം വഴങ്ങിയ അഡലെയ്ഡ് ടെസ്റ്റിലും രോഹിത് നിരാശപ്പെടുത്തുന്നത് തുടര്‍ന്നിരുന്നു. അഡലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആറാമനായി ഇറങ്ങിയ രോഹിത്തിന് ഒന്നാം ഇന്നിങ്സില്‍ മൂന്നും രണ്ടാം ഇന്നിങ്സില്‍ ആറ് റണ്‍സുമാണ് നേടാനായത്.
Content Highlights: Rohit Sharma will be like lamb to slaughterhouse if he opens at Gabba says Ex-India pacer