ഇക്കഴിഞ്ഞ മെഗാതാരലേലത്തിൽ കെകെആർ ഇന്ത്യൻ യുവതാരമായ വെങ്കടേഷ് അയ്യരെ വാങ്ങിയത് 23.74 കോടി രൂപയ്ക്കായിരുന്നു. ഇന്ത്യക്ക് വേണ്ടി അധികം അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാതിരുന്ന ഒരു താരത്തെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരുന്നു ഈ തുക. ഒരുപക്ഷേ, ക്യാപ്റ്റൻസി റോളിലേക്കടക്കം താരത്തെ പരിഗണിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇപ്പോൾ കൊൽക്കത്തൻ ടീമിന്റെ ഉടമയായ ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അയ്യർ.
ഷാരൂഖ് സാറിനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മുഖത്ത് ഒരു നറുപുഞ്ചിരി വിരിയും. അദ്ദേഹം അങ്ങനെയൊരു പെർസനാലിറ്റിയുള്ള താരമാണ്. ഇത്രയും വലിയൊരു സൂപ്പർ സ്റ്റാറായിട്ടും ഒരു മൂത്ത ചേട്ടനെപ്പോലെ ചുറ്റുമുള്ളവരിൽ ഒരു കംഫർട്ടബിൾ ഫീൽ ഉണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. നമ്മുടെയൊക്കെ മനസിലുള്ള ഒരു മെഗാസ്റ്റാർ ഇമേജുണ്ടല്ലോ, പുള്ളിക്കാരൻ അതൊക്കെ മാറ്റിവെച്ച് വളരെ പെട്ടെന്ന് ചുറ്റുമുള്ളവരെയും ചുറ്റുമുള്ള അന്തരീക്ഷവും കൂളാക്കും.
ഒരു ഐപിഎൽ മത്സരം കഴിഞ്ഞ് അദ്ദേഹം ഏതാണ്ട് മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ച് നിന്നത് ഓർമയിലുണ്ട്. ഒരു ടീം ഓണറായ അദ്ദേഹത്തിന് ഇതിന്റെ ഒന്നും ആവശ്യമില്ല. എങ്കിലും ആ നിമിഷങ്ങൾ എന്നും എന്റെ മനസിലുണ്ടാവും. കഴിഞ്ഞ സീസണിലെ ഫൈനലിനു ശേഷം ഷാരൂഖ് സാർ എന്റെ അമ്മയുടെ അടുത്തെത്തി അവനൊരു നല്ലകുട്ടിയാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ വിരിഞ്ഞ സന്തോഷമൊക്കെ എങ്ങനെ മറക്കാനാണ്? അതൊക്കെ ഒരു ലാർജർ ദാൻ ലൈഫ് അനുഭവമായിരുന്നു. വെങ്കടേഷ് അയ്യർ ഓർമകൾ പങ്കുവെച്ചത് ഇങ്ങനെ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ ആദ്യ പാദത്തിലെ തിരിച്ചടികള്‍ മറന്ന് രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലെ പുത്തൻ താരോദയമായി ഉയർന്നു വന്ന താരമാണ് വെങ്കടേഷ് അയ്യർ. അന്നൊരു മാച്ചിൽ ആർസിബിയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് കെകെആര്‍ കരുത്ത് കാട്ടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി 19 ഓവറില്‍ 92 റണ്‍സിലൊതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (48), വെങ്കടേഷ് അയ്യര്‍ (41*) എന്നിവരുടെ ബാറ്റിങ് മികവാണ് കെകെആറിന് ഗംഭീര ജയമൊരുക്കിയത്. മത്സരത്തില്‍ ഏറ്റവും കൈയടി നേടിയത് കെകെആറിന്റെ അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരാണ്. കന്നി ഐപിഎല്‍ മത്സരത്തില്‍ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ വെങ്കടേഷിനായി. 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമാണ് താരം പറത്തിയത്. 151.85 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം.
19ാം വയസ് വരെ ക്രിക്കറ്റിനെ വെങ്കടേഷ് കാര്യമായി എടുത്തിരുന്നില്ല. 2016ല്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു വെങ്കടേഷ്. സി എ ഫൈനല്‍ പരീക്ഷകളെത്തിയതോടെ ക്രിക്കറ്റിനെ താല്‍ക്കാലികമായെങ്കിലും മാറ്റിനിര്‍ത്തേണ്ട അവസ്ഥയുണ്ടായി. ആ സമയത്ത് മധ്യ പ്രദേശിനായി അദ്ദേഹം ടി20,50 ഓവര്‍ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അണ്ടര്‍ 23 ടീമിന്റെ നായകനുമായിരുന്നു വെങ്കടേഷ്. 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 75.66 ശരാശരിയില്‍ 227 റണ്‍സ് വെങ്കടേഷ് നേടി. 149.34 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേ 146 പന്തില്‍ 198 റണ്‍സ് നേടി കൈയടി നേടി. ആ സീസണിൽ കെകെആറില്‍ നിന്ന് വിളിയെത്തിയപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം ആ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ ബൗളറുമാണ് വെങ്കടേഷ്.
ഐപിഎല്‍ 2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ അന്ന് വെങ്കടേഷിനെ സ്വന്തമാക്കിയത്. ഇന്നിതാ അദ്ദേഹത്തിന്റെ വിപണിമൂല്യം 23.74 കോടി രൂപയും!
Content Highlights: venkadesh iyer about shah rukh khan