അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി 20യിൽ സിംബാബ്‍വെയ്ക്ക് നാല് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‍വെയും ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരീം ജാനത്ത് പുറത്താകാതെ നേടിയ 54 റൺസാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 44 റൺസുമായി മുഹമ്മദ് നബിയും നിർണായക സംഭാവന നൽകി. സിംബാബ്‍വെയ്ക്കായി റിച്ചാർഡ് നഗാരവ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെയ്ക്കായി ഓപണർ ബ്രയാൻ ബെന്നറ്റ് 49 പന്തിൽ 49 റൺസെടുത്തു. ഡിയോൺ മയേഴ്സ് 32 റൺസും നേടി. അഫ്ഗാനിസ്ഥാനായി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും ക്യാപ്റ്റൻ റാഷിദ് ഖാൻ രണ്ടും വിക്കറ്റും സ്വന്തമാക്കി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സിംബാബ്‍വെ 1-0ത്തിന് മുന്നിലായി.
Content Highlights: Zimbabwe beat Afghanistan by 4 wickets