സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ മുംബൈ ഫൈനലിൽ. സെമി ഫൈനലിൽ ബറോഡയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് മുംബൈയുടെ ഫൈനൽ പ്രവേശനം. 98 റൺസുമായി അജിൻക്യ രഹാനെയാണ് മുംബൈയുടെ ബാറ്റിങ് മുന്നിൽ നിന്ന് നിയച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടിയിൽ 17.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ മുംബൈ ബറോഡയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പുറത്താകാതെ 36 റൺസെടുത്ത ശിവലിക് ശർമയാണ് ബറോഡ നിരയിലെ ടോപ് സ്കോറർ. ഓപണർ ശശാവത് റാവത്ത് 33 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 30 റൺസും സംഭാവന ചെയ്തു. മുംബൈ നിരയിൽ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ മുംബൈ ബാറ്റർമാർ അനായസം റൺസ് കണ്ടെത്തി. എട്ട് റൺസെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് മുംബൈയ്ക്ക് തുടക്കത്തിലെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ രഹാനെ-ശ്രേയസ് സഖ്യമാണ് മുംബൈ സ്കോർ മുന്നോട്ട് നയിച്ചത്. 30 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 46 റൺസെടുത്താണ് ശ്രേയസ് പുറത്തായത്. പിന്നാലെ രഹാനെ സെഞ്ച്വറിയിലേക്ക് നീങ്ങിയെങ്കിലും 98 റൺസുമായി പുറത്തായി. 56 പന്തിൽ 11 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് രഹാനെയുടെ ഇന്നിംഗ്സ്. താരം പുറത്താകുമ്പോൾ മുംബൈയ്ക്ക് ഒരു റൺസ് മാത്രമായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. സൂര്യാൻഷ് ഷെഡ്ജ് സിക്സറിലൂടെ വിജയറൺസ് നേടി.
സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണിൽ റൺവേട്ടയിലും അജിൻക്യ രഹാനെയാണ് മുന്നിൽ. എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് അർധ സെഞ്ച്വറിയടക്കം 424 റൺസ് രഹാനെ സ്വന്തമാക്കി കഴിഞ്ഞു. സെമി ഫൈനലിന് യോഗ്യത നേടിയ ടീമുകളിൽ ഇനി റൺവേട്ടയിൽ മുന്നിലുള്ളത് ഒമ്പതാം സ്ഥാനത്തുള്ള പ്രിയാൻഷ് ആര്യയാണ്. ഇതിനാൽ ടൂർണമെന്റിലെ ടോപ് സ്കോറർ രഹാനെ തന്നെയായിരിക്കും.
Content Highlights: Ajinkya Rahane lead the runchase, Mumbai beat Baroda to reach Semis