ഒടുവില്‍ ഹൈബ്രിഡ് മോഡലിന് 'ഗ്രീന്‍ സിഗ്നല്‍'; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍

രണ്ട് ക്രിക്കറ്റ് ബോർഡുകളും സമ്മതം അറിയിച്ചതോടെയാണ് ഹൈബ്രിഡ് മോഡൽ നടപ്പാക്കുന്നത്.

dot image

2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹൈബ്രിഡ് മോഡലിന് ഒടുവിൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ പാകിസ്താനിലും ദുബായിലുമായി നടക്കും. ഇന്ത്യയുടെ മുഴുവന്‍ മത്സരങ്ങളും ദുബായിലാണ് നടക്കുക. കൂടാതെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങൾക്കും ദുബായ് തന്നെ വേദിയാവും.

നേരത്തേ പാകിസ്താനാണ് ടൂര്‍ണമെന്റിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാകിസ്താനിലേയ്ക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനാല്‍ ചാമ്പ്യൻസ് ട്രോഫി അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായും (ബിസിസിഐ) പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായും (പിസിബി) ഐസിസി ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്ന ബിസിസിഐയുടെ ആവശ്യം പിസിബി എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോൾ രണ്ട് ക്രിക്കറ്റ് ബോർഡുകളും സമ്മതം അറിയിച്ചതോടെയാണ് ഹൈബ്രിഡ് മോഡൽ നടപ്പാക്കുന്നത്.

ഹൈബ്രിഡ് മോഡലിന് സമ്മതം അറിയിച്ചതിന് പിന്നാലെ 2026ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ പാക് ടീം എത്തില്ലെന്ന് പിസിബി അറിയിച്ചു. പകരം ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ലീഗ് സ്റ്റേജ് പോരാട്ടങ്ങള്‍ ടൂര്‍ണമെന്റിന്റെ സംയുക്ത ആതിഥേയരായ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യം ഐസിസി അംഗീകരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം കൊളംബോയിലായിരിക്കും നടക്കുക.

അതേസമയം ഇന്ത്യൻ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നഷ്ടമായതിന് പിസിബിക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല. ചാംപ്യന്‍സ് ട്രോഫി വേദിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തതിന് പാകിസ്താനു മറ്റൊരു നേട്ടം കൂടിയുണ്ടായിട്ടുണ്ട്. 2027നു ശേഷം ഐസിസിയുടെ വനിതാ ടൂര്‍ണമെന്റിന്റെ കൂടി ആതിഥേയത്വം പാകിസ്താന് അനുവദിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Champions Trophy 2025: ICC approves hybrid model

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us