ഗാബ 'കീഴടക്കുന്നത്' ആര്?; ആദ്യ പന്തെറിയും മുന്‍പേ പ്രവചനവുമായി ഗില്‍ക്രിസ്റ്റും ഹെയ്ഡനും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുന്നതിനായി ഇരുടീമുകള്‍ക്കും ഗാബയില്‍ വിജയം അനിവാര്യമാണ്

dot image

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14ന് ആരംഭിക്കുകയാണ്. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന് ഇന്ത്യ സ്വന്തമാക്കിയ മികച്ച വിജയത്തിന് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഓസീസ് മറുപടി നല്‍കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുന്നതിനായി ഇരുടീമുകള്‍ക്കും ഗാബയില്‍ വിജയം അനിവാര്യമാണ്. നിര്‍ണായകവും വാശിയേറിയതുമായ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് വിജയികളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസങ്ങളായ മാത്യു ഹെയ്ഡനും ആദം ഗില്‍ക്രിസ്റ്റും.

ഗാബയില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കുമെന്നാണ് മുന്‍ താരങ്ങളായ ഹെയ്ഡനും ഗില്‍ക്രിസ്റ്റും പ്രവചിച്ചിരിക്കുന്നത്. ബ്രിസ്‌ബേനിലെ പേസും ബൗണ്‍സും കൈകാര്യം ചെയ്യാന്‍ ഇന്ത്യ പാടുപെടുമെന്നാണ് ഹെയ്ഡന്റെ അഭിപ്രായം. ബ്രിസ്‌ബേനിലെ സാഹചര്യങ്ങള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ എങ്ങനെയെല്ലാം പരീക്ഷിക്കുമെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. ഇന്ത്യയുടെ മത്സരമനോഭാവം ഹെയ്ഡന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഹോം ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള ഓസീസിന്റെ കഴിവില്‍ അദ്ദേഹം വിശ്വാസമര്‍പ്പിക്കുകയും ചെയ്തു.

'ഗാബയില്‍ ഓസ്‌ട്രേലിയ വിജയിക്കുമെന്നാണ് കരുതുന്നത്. വിക്കറ്റിന്റെ വേഗത്തിനും ബൗണ്‍സിനും മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടേണ്ടിവരും. ഇത് വളരെ വാശിയേറിയ മത്സരമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വിജയം ഓസീസിനൊപ്പമായിരിക്കും', എസ്ഇഎന്‍ ബ്രേക്ക്ഫാസ്റ്റ് ഷോയില്‍ സംസാരിക്കവേ ഹെയ്ഡന്‍ പറഞ്ഞു.

ഗില്‍ക്രിസ്റ്റും ഹെയ്ഡനെ അനുകൂലിച്ച് സംസാരിച്ചു. ആതിഥേയരില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച ഗില്‍ക്രിസ്റ്റ്, നിലവില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍ ഗാബയില്‍ സെഞ്ച്വറി നേടി തിരിച്ചെത്തുമെന്നും പറഞ്ഞു. 'ഗാബ ടെസ്റ്റ് കഴിയുന്നതോടെ ഓസ്‌ട്രേലിയ 2-1 എന്ന നിലയില്‍ പരമ്പരയില്‍ മുന്നിലെത്തുമെന്ന് ഞാന്‍ കരുതുന്നു. മാര്‍നസ് ലബുഷെയ്ന്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറിയടിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു', ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Content Highlights: Matthew Hayden and Adam Gilchrist predict the winner of Gabba Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us