സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്ക് ഉപദേശവുമായി മുൻ താരം സുനിൽ ഗാവസ്കർ. ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളെ പിച്ചിൽ നിലയുറപ്പിച്ച ശേഷം മാത്രം ആക്രമിക്കാനായി ശ്രമിച്ചാൽ മതിയെന്നാണ് ഗാവസ്കറിന്റെ നിർദേശം.
2004ൽ സിഡ്നിയിലെ സച്ചിൻ തെണ്ടുൽക്കറുടെ പ്രകടനമാണ് ഗാവസ്കർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അതിന് മുമ്പ് മൂന്ന് ടെസ്റ്റുകളിൽ ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ ആക്രമിക്കാൻ ശ്രമിച്ച് സച്ചിൻ പുറത്തായി. പിന്നാലെ സിഡ്നിയിൽ ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ സച്ചിൻ കളിച്ചില്ല. മത്സരത്തിൽ കരിയറിലെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ സ്കോറായ 241 റൺസ് പുറത്താകാതെ തന്നെ നേടാനും സച്ചിന് കഴിഞ്ഞിരുന്നു.
"സിഡ്നി ടെസ്റ്റിന് മുമ്പുള്ള മൂന്ന് മത്സരങ്ങളിൽ ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ ആക്രമിച്ചു കളിച്ച് സച്ചിൻ എക്സ്ട്രാ കവറിലും സ്ലിപ്പിലും ക്യാച്ചുകൾ നൽകി പുറത്തായി. എന്നാൽ സിഡ്നിയിൽ ഓഫ്സൈഡിലേക്ക് ഒരു കവർ ഡ്രൈവിന് പോലും സച്ചിൻ ശ്രമിച്ചില്ല. കൂടുതൽ റൺസും സ്ട്രൈറ്റും ലെഗ് സൈഡിലുമായാണ് സ്കോർ ചെയ്തത്" സുനിൽ ഗാവസ്കർ ചൂണ്ടിക്കാട്ടി.
തുടക്കം മുതൽ ഓഫ്സൈഡിന് പുറത്ത് വരുന്ന പന്തുകൾ ആക്രമിക്കുമ്പോൾ വിരാട് കോഹ്‍ലിയുടെ ബാറ്റിങ് ശൈലി ഓസ്ട്രേലിയൻ ടീമിന് പിടികിട്ടുന്നു. ആക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ് കോഹ്‍ലി എന്ന് മനസിലാക്കുമ്പോൾ ഓസ്ട്രേലിയൻ ടീം അതിന് അനുസരിച്ച് ഫീൽഡ് തയ്യാറാക്കുന്നു. അതുകൊണ്ടാണ് കോഹ്‍ലി കുറഞ്ഞ സ്കോറിൽ പുറത്താകുന്നത്. ഗാവസ്കർ വ്യക്തമാക്കി.
Content Highlights: Follow Sachin Tendulkar approach, Gavaskar tips to Kohli ahead of Brisbane test