ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് പ്രതികരണവുമായി ഇന്ത്യൻ താരം ശുഭ്മൻ ഗിൽ. പരമ്പരയിലെ നിർണായക ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ സമീപനം എന്താവുമെന്ന ചോദ്യത്തിനാണ് ഗില്ലിന്റെ പ്രതികരണം. മത്സരം വിജയിച്ചില്ലെങ്കിൽ ഒരു ടീം ഭയപ്പെടും. എന്നാൽ ഓസ്ട്രേലിയയിലും ഇന്ത്യയിലും ബോർഡർ-ഗാവസ്കർ ട്രോഫി അവസാനം വിജയിച്ചത് ഇന്ത്യയാണ്. പുതിയ തലമുറയിലെ താരങ്ങൾ ബൗളർ ആരെന്ന് ചിന്തിക്കാറില്ല. റെഡ്ബോളിലേക്ക് മാത്രമാണ് ശ്രദ്ധിക്കാറുള്ളതെന്നും ഗിൽ പ്രതികരിച്ചു.
രണ്ടാം ടെസ്റ്റിലെ തോൽവിയെക്കുറിച്ചും ഗിൽ സംസാരിച്ചു. പിങ്ക് ബോൾ കളിക്കുക ഒരൽപ്പം ബുദ്ധിമുട്ടാണ്. കൂടുതൽ തവണയും ടെസ്റ്റ് കളിക്കുന്നത് ചുവപ്പ് പന്തിലാണ്. രാത്രിയിൽ ടെസ്റ്റ് കളിക്കുമ്പോൾ പേസ് കൂടും. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ കളിക്കുക ബുദ്ധിമുട്ടാണ്. എന്നാൽ ആദ്യ 35 ഓവർ വരെയും ബാറ്റിങ്ങിന് അനുകൂല സാഹചര്യമാണെന്ന് കരുതുന്നു. ഗിൽ വ്യക്തമാക്കി.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഉൾപ്പെടെ നിലനിർത്താൻ ഇന്ത്യയ്ക്ക് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.
Content Highlights: Shubman Gill speaks ahead of the third test in BGT