ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ വേഗതയേറിയ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ അമീർ ജാങ്കോ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആറാമനായി ക്രീസിലെത്തിയ അമിർ ജാങ്കോ 80 പന്തിലാണ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കൻ താരം റീസ ഹെൻഡ്രിക്സിന്റെ അരങ്ങേറ്റ മത്സരത്തിൽ 88 പന്തിൽ സെഞ്ച്വറിയെന്ന നേട്ടമാണ് അമിർ ജാങ്കോ തകർത്തത്. 83 പന്തിൽ 104 റൺസുമായി താരം പുറത്താകാതെ നിന്നു. മത്സരം നാല് വിക്കറ്റിന് വിജയിച്ച വെസ്റ്റ് ഇൻഡീസ് പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമാകുമ്പോൾ ബംഗ്ലാദേശ് സ്കോർബോർഡിൽ ഒമ്പത് റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ ക്യാപ്റ്റൻ മെഹിദി ഹസൻ മിറാസ് 77, സൗമ്യ സർക്കാർ 73 എന്നിവരുടെ ബാറ്റിങ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു. പുറത്താകാതെ 84 റൺസ് നേടിയ മഹ്മുദുള്ള, പുറത്താകാതെ 62 റൺസെടുത്ത ജാക്കർ അലി എന്നിവരാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. പിരിയാത്ത ആറാം വിക്കറ്റിൽ മഹ്മദുള്ള-ജാക്കർ അലി സഖ്യം 150 റൺസാണ് കൂട്ടിച്ചേർത്തത്.
മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസിനും ബാറ്റിങ് തകർച്ച നേരിടേണ്ടി വന്നു. ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമാകുമ്പോൾ 31 റൺസ് മാത്രമാണ് ബംഗ്ലാദേശ് സ്കോർബോർഡിൽ ഉണ്ടായിരുന്നത്. 86 റൺസ് എത്തിയപ്പോൾ നാലാം വിക്കറ്റും നഷ്ടമായി. ഓപ്പണറായി ക്രീസിലെത്തി ഒരുവശത്ത് പിടിച്ചുനിന്ന കീസി കാർട്ടിയ്ക്കൊപ്പം അമീർ ജാങ്കോ ചേർന്നതോടെയാണ് വിൻഡീസ് സ്കോർ മുന്നോട്ട് നീങ്ങിയത്. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 132 റൺസ് കൂട്ടിച്ചേർത്തു. 95 റൺസെടുത്താണ് കീസി കാർട്ടി മടങ്ങിയത്. പിന്നാലെ 44 റൺസെടുത്ത ഗുഡ്കേഷ് മോട്ടിക്കൊപ്പം ചേർന്ന് അമീർ ജാങ്കോ വെസ്റ്റ് ഇൻഡീസിനെ വിജയത്തിലേക്ക് നയിച്ചു.
Content Highlights: West Indies' Batter Amir Jangoo Breaks Record Of Scoring Fastest Century On ODI Debut