ഇമാദ് വസീമിന് പിന്നാലെ പാക് പേസര്‍ മുഹമ്മദ് ആമിറും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ചു. നേരത്തെ 2024 മാര്‍ച്ചില്‍ ആമിര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ആമിര്‍ മടങ്ങിയെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ താന്‍ ക്രിക്കറ്റ് മതിയാക്കിയതായി താരം പ്രഖ്യാപിക്കുകയായിരുന്നു.
Imad Wasim and Mohammad Amir announce retirement from international cricket
— PCB Media (@TheRealPCBMedia) December 14, 2024
Read details here ⤵️https://t.co/6ZAhRMuVQ2
'ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയെന്ന വിഷമകരമായ തീരുമാനം ഞാന്‍ എടുക്കുകയാണ്. ഈ തീരുമാനങ്ങള്‍ ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ അനിവാര്യമാണ്. അടുത്ത തലമുറയ്ക്ക് ബാറ്റണ്‍ കൈമാറുകയും പാകിസ്താന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതിനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു!', ആമിർ എക്സില്‍ കുറിച്ചു.
'പാകിസ്താനെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാത്തിനുമുപരി എന്റെ ആരാധകര്‍ക്കും അവരുടെ നിരന്തരമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു', ആമിർ കൂട്ടിച്ചേർത്തു.
Announcement of my retirement from international cricket 🏏. pic.twitter.com/CsPfOTGY6O
— Mohammad Amir (@iamamirofficial) December 14, 2024
കഴിഞ്ഞ ദിവസമാണ് ആമിറിന്റെ സുഹൃത്തും പാക് ടീമിലെ സഹതാരവുമായിരുന്ന ഇമാദ് വസീമും രണ്ടാം തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2010-2015 കാലഘട്ടത്തിൽ തന്റെ 18-ാം വയസിൽ ഒത്തുകളി വിവാദത്തെ തുടർന്ന് ആമിറിന് പാക് ടീമിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ടീമിൽ തിരിച്ചെത്തിയ ആമിർ 2017ല്‍ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ പാകിസ്താന്റെ ഹീറോയായി മാറി. കലാശപ്പോരിൽ ഇന്ത്യയെ തോല്‍പ്പിച്ച് പാക് പട കിരീടം നേടിയപ്പോള്‍ ആമിർ നിർണായ പ്രകടനം പുറത്തെടുത്തു. പിന്നീട് പാക് ടീമില്‍ നിന്ന് പുറത്തായ ആമിര്‍ 2021 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ചു.
പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ആമിർ വീണ്ടും വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. പാക് ടീമിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയ ആമിര്‍ ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും പാകിസ്താന് വേണ്ടി കളത്തിലിറങ്ങി. പാകിസ്താനുവേണ്ടി 36 ടെസ്റ്റിലും 61 ഏകദിനങ്ങളിലും 62 ടി20 മത്സരങ്ങളിലും ആമിര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 119 വിക്കറ്റുകൾ വീഴ്ത്തിയ ആമിർ ഏകദിനത്തില്‍ 81ഉം ടി20യില്‍ ഏഴും വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlights: After Imad Wasim, Mohammad Amir Also Announces Retirement From International Cricket