ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ അപൂർവ്വമായ റൺസ് നേട്ടമുണ്ടാക്കി ഓസ്ട്രേലിയൻ താരങ്ങൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിലെ 95-ാം ഓവറിലാണ് സംഭവം. നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ പന്ത് പാറ്റ് കമ്മിൻസ് ഡ്രൈവ് ചെയ്ത് ബൗണ്ടറിയിലേക്ക് പായിച്ചു. എന്നാൽ ഇന്ത്യൻ താരം ആകാശ് ദീപ് പന്ത് ബൗണ്ടറി കടക്കാതെ തടഞ്ഞിരുന്നു. പക്ഷേ ഇതിനുള്ളിൽ തന്നെ പാറ്റ് കമ്മിൻസും അലക്സ് ക്യാരിയും നാല് റൺസ് ഓടിയെടുത്തിരുന്നു. ക്രിക്കറ്റിൽ അപൂർവമായി മാത്രമാണ് നാല് റൺസ് ഓടിയെടുക്കാറുള്ളത്.
ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയയ്ക്കായി ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേട്ടം സ്വന്തമാക്കി. 160 പന്തിൽ 18 ഫോറുകൾ സഹിതം 152 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 190 പന്തിൽ 12 ഫോറുകൾ ഉൾപ്പെടെ 101 റൺസാണ് സ്റ്റീവ് സ്മിത്തിന്റെ സമ്പാദ്യം. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 241 റൺസാണ് കൂട്ടിച്ചേർത്തത്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 25 ഓവർ പന്തെറിഞ്ഞ ജസ്പ്രീത് ബുംമ്ര ഏഴ് മെയ്ഡൻ ഉൾപ്പെടെ 72 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജും നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.
Content Highlights: Akash Deep Saves Boundary But Australia Still Get 4 Runs During 3rd Test