ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാക്ക്ഫൂട്ടിലായതിന് പിന്നാലെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ആരാധകരും മുൻ താരങ്ങളും രംഗത്തെത്തുന്നത്. രണ്ടാം ദിനം ട്രാവിസ് ഹെഡ്- സ്റ്റീവ് സ്മിത്ത് സഖ്യം നിലയുറപ്പിച്ചതോടെയാണ് ക്യാപ്റ്റനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നത്. ഗാബയില്മത്സരം ഇന്ത്യയുടെ കൈയില്‍ നിന്നും വിട്ടുകളഞ്ഞത് രോഹിത്തിന്റെ മോശം ക്യാപ്റ്റൻസിയാണെന്നാണ് പലരും ആരോപിക്കുന്നത്.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയ ട്രാവിസ് ഹെഡിനെ വീഴ്ത്താന്‍ ഇന്ത്യൻ ബൗളര്‍മാര്‍ കഷ്ടപ്പെട്ടതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്. രോഹിത് നയിക്കുന്ന ഇന്ത്യൻ ടീമിനെതിരെ തുടർച്ചയായ രണ്ടാം തവണയാണ് ഹെഡ് സെഞ്ച്വറി പൂർത്തിയാക്കുന്നത്. അഡലെയ്ഡ് ടെസ്റ്റിന് പിന്നാലെ ഗാബയിലും ഇന്ത്യയ്ക്കെതിരെ മൂന്നക്കം തികച്ച് ഹെഡ് 'തലവേദന' സൃഷ്ടിച്ചു. അഡലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 140 റണ്‍സെടുത്ത ഹെഡ് ഗാബയിൽ 160 പന്തില്‍ 152 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. സെഞ്ച്വറിയും കടന്ന് മുന്നേറുകയായിരുന്ന താരത്തെ ഒടുവിൽ ബുംമ്രയാണ് പുറത്താക്കിയത്.
ട്രാവിസ് ഹെഡ് ക്രീസിലെത്തുമ്പോള്‍ 75 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ നിലയിലായിരുന്നു ഓസീസ്. ഈ സമയത്ത് മറ്റൊരു വിക്കറ്റ് കൂടി നേടി ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായില്ല. ഇതിനിടെ ടൂർണമെന്റിൽ തിളങ്ങാതിരുന്ന സ്റ്റീവ് സ്മിത്തും ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടി ഫോമിലേക്കുയർന്നു. നാലാം വിക്കറ്റില്‍ സ്മിത്തും ഹെഡും ചേര്‍ന്ന് 241 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മത്സരം ഇന്ത്യയുടെ കൈപ്പിടിയില്‍ നിന്ന് നഷ്ടമാവുകയും ചെയ്തു. മത്സരത്തില്‍ ട്രാവിസ് ഹെഡ് 112 റണ്‍സില്‍ നില്‍ക്കെ ലഭിച്ച ക്യാച്ച് രോഹിത് പാഴാക്കുകയും ചെയ്തിരുന്നു.
Rohit Sharma #captaincy #captaincy #INDvsAUS #trawishead #RohithSharma #bumrah pic.twitter.com/gKwmVollvJ
— Gaurav Yadav 🏹 (@ImGauravYadav9) December 15, 2024
രണ്ടാം സെഷനിൽ ആദ്യ ഒന്നര മണിക്കൂറിൽ ഹെഡും സ്മിത്തും റൺസ് അടിച്ചു കയറ്റുന്നത് കണ്ടിട്ടും ആദ്യ സെഷനിൽ ലബുഷെയ്നിന്റെ വിക്കറ്റ് വീഴ്ത്തിയ നിതീഷിന് എന്ത് കൊണ്ട് രോഹിത്ത് ഓവർ നൽകുന്നില്ലെന്നും വിമർശനമുയർന്നു. അതുകൊണ്ടുതന്നെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാൻ ഓസ്ട്രേലിയയ്ക്ക് അനായാസം സാധിച്ചു. വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല എന്നതിലുപരി ഒറ്റസെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് 130 റൺസ് അടിച്ച് കൂട്ടുകയും ചെയ്തു.
ഇതോടെ മുന്‍ താരങ്ങളും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. എന്തുകൊണ്ടാണ് ഹെഡിനെ പോലൊരു താരത്തിനെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ക്യാപ്റ്റന്റെ പക്കൽ യാതൊരു പ്ലാനുമില്ലാത്തതെന്ന കാര്യം തനിക്ക് മനസ്സിലാവുന്നില്ലെന്നാണ് ഇന്ത്യയുടെ മുന്‍ നായകനും കോച്ചുമായ അനില്‍ കുംബ്ലെ പ്രതികരിച്ചത്. വിരാട് കോഹ്ലി 7 വര്‍ഷം കൊണ്ട് കെട്ടിപ്പെടുത്ത ടീമിന്റെ പകിട്ടിലാണ് രോഹിത് നായകനായിരിക്കുന്നതെന്നും ഇത് നാണക്കേടാണെന്നുമാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ കമന്ററിക്കിടെ വിമര്‍ശിച്ചത്. യാതൊരു ഗുണവുമില്ലാത്ത തരത്തിലുള്ള ക്രിക്കറ്റാണ് ഇന്ത്യ കളിക്കുന്നതെന്നായിരുന്നു സൈമണ്‍ കാറ്റിച്ചിന്റെ പ്രതികരണം.
"I don't understand how the captain doesn't have a plan for Travis Head. He's always been a problem for India. This is disgraceful captaincy" Anil Kumble#RohithSharma#Jaspritbumrah𓃵#INDvsAUS pic.twitter.com/yiQgY8prdN
— Aman Mishra (@Am95Aman) December 15, 2024
നിലവിൽ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റണ്‍സെന്ന ശക്തമായ നിലയിലാണ്. അലക്‌സ് ക്യാരിയും (45) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (7) ക്രീസില്‍. ഓസ്‌ട്രേലിയയ്ക്കായി ട്രാവിസ് ഹെഡും (152) സ്റ്റീവ് സ്മിത്തും (101) സെഞ്ച്വറിയടിച്ച് തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജും നിതീഷ് കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: