ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. സേന രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങളിൽ കൂടുതൽ ഫൈഫർ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം ഇനി ജസ്പ്രീത് ബുംമ്രയാണ്. എട്ട് തവണയാണ് സേന രാജ്യങ്ങളിൽ ബുംമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം. ഏഴ് തവണ സേന രാജ്യങ്ങളിൽ ഫൈഫർ സ്വന്തമാക്കിയ കപിൽ ദേപിനെയാണ് ബുംമ്ര മറികടന്നത്. ടെസ്റ്റ് കരിയറിൽ ആകെ 12 തവണയാണ് ബുംമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 25 ഓവർ പന്തെറിഞ്ഞ ജസ്പ്രീത് ബുംമ്ര ഏഴ് മെയ്ഡൻ ഉൾപ്പെടെ 72 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. അതിനിടെ ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെന്ന നിലയിലാണ്.
ഓസ്ട്രേലിയയ്ക്കായി ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേട്ടം സ്വന്തമാക്കി. 160 പന്തിൽ 18 ഫോറുകൾ സഹിതം 152 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 190 പന്തിൽ 12 ഫോറുകൾ ഉൾപ്പെടെ 101 റൺസാണ് സ്റ്റീവ് സ്മിത്തിന്റെ സമ്പാദ്യം. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 241 റൺസാണ് കൂട്ടിച്ചേർത്തത്.
Content Highlights: Jasprit Bumrah Breaks Kapil Dev's Record