ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന് സമാപനം. ഇടവിട്ട് പെയ്യുന്ന മഴയിൽ മൂന്നാം ദിവസം ആറ് തവണയാണ് മത്സരം നിർത്തിവെച്ചത്. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലാണ്. 32 റൺസോടെ കെ എൽ രാഹുലും റൺസൊന്നും എടുക്കാതെ രോഹിത് ശർമയുമാണ് ക്രീസിൽ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 394 റൺസ് കൂടി വേണം.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445ന് പുറത്തായിരുന്നു. മൂന്നാം ദിവസം ഏഴിന് 405 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസീസ് സംഘത്തിന് 40 റൺസ് കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചു. അലക്സ് ക്യാരിയുടെ 70 റൺസാണ് രാവിലെ ഓസീസ് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്സ്. മിച്ചൽ സ്റ്റാർക് 18 റൺസെടുത്തും പുറത്തായി.
ആദ്യ ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യ കനത്ത ബാറ്റിങ് തകർച്ചയെയാണ് നേരിട്ടത്. നാല് റൺസെടുത്ത യശസ്വി ജയ്സ്വാൾ, ഒരു റൺസെടുത്ത ശുഭ്മൻ ഗിൽ, മൂന്ന് റൺസെടുത്ത വിരാട് കോഹ്‍ലി, ഒമ്പത് റൺസെടുത്ത റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ഇടവിട്ട് പെയ്യുന്ന മഴയിൽ പിച്ചിന്റെ സ്വഭാവം മാറുന്നതും ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമാകാൻ കാരണമാകുന്നുണ്ട്.
Content Highlights: Bad Light Forces Early Stumps But Advantage Australia