വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20യിൽ ബംഗ്ലാദേശിന് ഏഴ് റൺസ് ആവേശ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് 19.5 ഓവറിൽ 140 റൺസിൽ എല്ലാവരും പുറത്തായി. മൂന്ന് ട്വന്റി 20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി.
നേരത്തെ സൗമ്യ സർക്കാർ 43, ജാക്കർ അലി 27, ഷമീം ഹൊസൈൻ 27, മെഹിദി ഹസൻ പുറത്താകാതെ 26 എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. വെസ്റ്റ് ഇൻഡീസിനായി അകേൽ ഹൊസൈൻ, ഒബദ് മകോയി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. റോസ്റ്റൺ ചെയ്സ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസും തകർച്ച നേരിട്ടു. ക്യാപ്റ്റൻ റോവ്മാൻ പവൽ നടത്തിയ പോരാട്ടം ഒരു ഘട്ടത്തിൽ വിൻഡീസിന് വിജയപ്രതീക്ഷ നൽകിയിരുന്നു. 35 പന്തിൽ അഞ്ച് ഫോറും നാല് സിക്സും സഹിതം പവൽ 60 റൺസെടുത്തു. 17 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സിഹതം റൊമാരിയോ ഷെപ്പേർഡ് 22 റൺസും നേടി. എന്നാൽ മറ്റാർക്കും തിളങ്ങാൻ കഴിയാതിരുന്നതോടെ വിൻഡീസ് പോരാട്ടം ഏഴ് റൺസ് അകലെ അവസാനിച്ചു. ബംഗ്ലാദേശിനായി ബൗളിങ്ങിലും തിളങ്ങിയ മെഹിദി ഹസൻ നാല് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Bangladesh beat West Indies by 7 runs