ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും വിക്കറ്റ് വലിച്ചെറിഞ്ഞ് നിരാശപ്പെടുത്തി വിരാട് കോഹ്‍ലി. ഓഫ്സ്റ്റമ്പിന് പുറത്തുപോയ പന്തിൽ അനാവശ്യമായി ബാറ്റ് വെച്ചാണ് താരം പുറത്തായത്. ഹേസൽവുഡിന്റെ പന്തിൽ ഔട്ട്സൈഡ് എഡ്ജായി പുറത്താകുമ്പോൾ മൂന്ന് റൺസ് മാത്രമായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. 16 പന്തുകൾ മാത്രമാണ് കോഹ്‍ലി ക്രീസിൽ ചിലവഴിച്ചത്.
മത്സരത്തിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയുന്ന ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 22 റൺസെന്ന നിലയിലാണ്. യശസ്വി ജയ്സ്വാൾ നാല് റൺസോടെയും ശുഭ്മൻ ഗിൽ ഒരു റൺസോടെയും വിക്കറ്റ് നഷ്ടമാക്കി പവലയനിൽ തിരിച്ചെത്തി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് രണ്ടും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445ന് പുറത്തായിരുന്നു. മൂന്നാം ദിവസം ഏഴിന് 405 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസീസ് സംഘത്തിന് 40 റൺസ് കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചു. അലക്സ് ക്യാരിയുടെ 70 റൺസാണ് രാവിലെ ഓസീസ് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്സ്. മിച്ചൽ സ്റ്റാർക് 18 റൺസെടുത്തും പുറത്തായി.
ഇന്ത്യയ്ക്കായി പേസർ ജസ്പ്രീത് ബുംമ്ര ആറ് വിക്കറ്റ് വീഴ്ത്തി. 28 ഓവർ പന്തെറിഞ്ഞ ജസ്പ്രീത് ബുംമ്ര ഒമ്പത് മെയ്ഡൻ ഉൾപ്പെടെ 72 റൺസ് വഴങ്ങിയാണ് ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ എറിഞ്ഞിട്ടു. ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ടാം ദിവസം ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറി നേട്ടമാണ് ഓസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്ക് നയിച്ചത്. 160 പന്തിൽ 18 ഫോറുകൾ സഹിതം 152 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 190 പന്തിൽ 12 ഫോറുകൾ ഉൾപ്പെടെ 101 റൺസാണ് സ്റ്റീവ് സ്മിത്തിന്റെ സമ്പാദ്യം. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 241 റൺസാണ് കൂട്ടിച്ചേർത്തത്.
Content Highlights: Virat Kohli dismissed once again with an outside edge